ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 12 സീറ്റിൽ വിജയസാധ്യതയെന്ന് സിപിഐ വിലയിരുത്തൽ. തൃശൂരും മാവേലിക്കരയിലും വിജയം ഉറപ്പാണെന്നും തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയ പ്രതീക്ഷയുണ്ടെന്നുമാണ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തൽ.ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർകോട്, കോഴിക്കോട്, മാവേലിക്കര, തൃശൂർ സീറ്റുകളിൽ ഇടതു മുന്നണിക്ക് വിജയിക്കാനാകുമെന്നാണ് സിപിഐ വിലയിരുത്തൽ.കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ കോൺഗ്രസ് അനുകൂല തംരംഗം ഇത്തവണ ഉണ്ടാകില്ലെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ അവർക്ക് അനുകൂല ഘടമായി. ഇത്തവണ രാഹുൽ അനുകൂല തരംഗം ഇല്ല. ബിജെപിയെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു.

നാല് ലോക്‌സഭ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. തൃശൂരിൽ വിഎസ് സുനിൽ കുമാറും മാവേലിക്കരയിൽ സിഎ അരുൺകുമാറും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട് ആനി രാജയുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍. ഇതിൽ വിഎസ് സുനിൽ കുമാറും സിഎ അരുൺകുമാറും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. വയനാട് രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ആനി രാജയ്ക്കും കഴിയും. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പാർലമെന്റ് മണ്ഡലം കമ്മിറ്റി വിലയിരുത്തുന്നുണ്ടെങ്കിലും സംസ്ഥാന കമ്മിറ്റിക്ക് അത്ര പ്രതീക്ഷയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here