ഇറാൻ നാവികസേന പിടിച്ചെടുത്ത ‘അഡ്വാന്റേജ് സ്വീറ്റ്’ എണ്ണക്കപ്പലിലെ മൂന്ന് മലയാളി ജീവനക്കാരെ ഉൾപ്പെടെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു

0

അന്താരാഷ്ട്ര അതിർത്തി പിന്നിടവെ ഇറാൻ നാവികസേന പിടിച്ചെടുത്ത ‘അഡ്വാന്റേജ് സ്വീറ്റ്’ എണ്ണക്കപ്പലിലെ മൂന്ന് മലയാളി ജീവനക്കാരെ ഉൾപ്പെടെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു. 24 ഇന്ത്യൻ ക്രൂ അംഗങ്ങളുള്ള എണ്ണക്കപ്പലാണ് ഇറാൻ നാവികസേന പിടികൂടിയത്. യു.എസിലേക്ക് പോവുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് ഒമാൻ ഉൾക്കടൽ ഭാഗത്ത് വച്ച് പിടിച്ചെടുത്തത്. യു.എസ് നാവികസേനയുടെ മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്‌ളീറ്റാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിനെ തിരിച്ചറിഞ്ഞത്.

എറണാകുളം കൂനമ്മാവ് പുതുശേരി എഡ്വിൻ, ഫോർത്ത് ഓഫിസർ കടവന്ത്ര പള്ളിപ്പറമ്പിൽ വീട്ടിൽ ജിസ്‌മോൻ ജോസഫ്, ഫോർത്ത് എൻജിനീയർ മലപ്പുറം ചുങ്കത്തറ കോട്ടേപ്പാടം തടത്തേൽ സാം സോമൻ (29) എന്നിവരാണു കപ്പലിലുള്ള മലയാളി ജീവനക്കാർ. ഇവരുടെ മോചനത്തിനായി ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന്റെയും നോർക്കയുടെയും സഹായം തേടിയിരുന്നു. മോചനശ്രമങ്ങൾ തുടങ്ങിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസിൽനിന്ന് അറിയിച്ചെന്നു സാം സോമന്റെ ഭാര്യ സൂസൻ പറഞ്ഞു.

ജിസ്‌മോന്റെ പിതാവ് പി.ആർ.ജോസഫിനെയും എഡ്വിന്റെ സഹോദരൻ ആൽവിനെയും ഇറാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്ന് ഇറാനിൽ നടക്കുന്ന യോഗത്തിൽ അവിടത്തെ സർക്കാർ പ്രതിനിധികളുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുമെന്നും എംബസി അധികൃതർ അറിയിച്ചു.

ഒമാൻ തീരത്ത് തങ്ങളുടെ കപ്പലുകളിലൊന്നുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ചാണ് ഇറാൻ നാവികസേന കപ്പൽ പിടികൂടിയത്. ഉപഗ്രഹ വിവരങ്ങൾ പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒമാൻ തലസ്ഥാന നഗരത്തിന് വടക്കുള്ള ഉൾക്കടലിലിലൂടെയാണ് കപ്പൽ നീങ്ങിയിരുന്നത്. കുവൈത്തിൽ നിന്ന് പുറപ്പെട്ട കപ്പൽ യു.എസിലെ ഹൂസ്റ്റണിലേക്കായിരുന്നു യാത്ര ചെയ്തിരുന്നത്.

കപ്പൽ അന്താരാഷ്ട്ര അതിർത്തി പിന്നിടവെ ഇറാൻ നാവികസേന പിടിച്ചെടുക്കുകയായിരുന്നു. ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയ്ക്കു വിഘാതം സൃഷ്ടിക്കുന്നതാണെന്നും ഫിഫ്ത് ഫ്‌ളീറ്റ് പ്രതിനിധികൾ പറഞ്ഞു. ഇറാൻ എത്രയും പെട്ടെന്ന് കപ്പൽ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഇറാന്റെ അർധ റെവല്യൂഷണറി ഗാർഡ് കപ്പൽ പിടിച്ചെടുത്തെന്നാണ് നാവികസേന ആദ്യം അറിയിച്ചത്. ഇറാൻ നാവികസേന കപ്പൽ പിടിച്ചെടുത്തെന്ന വിവരം അമേരിക്കൻ നാവിക വിമാനമാണ് പിന്നീട് സ്ഥിരീകരിച്ചത്.

ടാങ്കർ തങ്ങളുടെ ഒരു കപ്പലിൽ ഇടിച്ചെന്നും രണ്ട് ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇറാൻ പറഞ്ഞു. ടാങ്കർ നിർത്താൻ ആവശ്യപ്പെട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവാത്തതാണ് പിടിച്ചെടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇറാൻ വിശദീകരിച്ചു. അതേസമയം, ഇറാന്റെ നടപടിക്കെതിരെ രംഗത്തെതതിയ അമേരിക്ക, കപ്പൽ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾക്കെതിരായ ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ കർശനമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ പിടിച്ചെടുക്കൽ. ഇറാനും വൻശക്തികളും തമ്മിലുള്ള സുപ്രധാന ആണവ കരാറിൽ നിന്ന് യു.എസ് പിന്മാറുകയും ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്ത 2018 മുതൽ ഇത്തരം സംഭവങ്ങൾ കൂടിയിട്ടുണ്ട്. ഇതോടെ കരാർ പുനഃസ്ഥാപിക്കാനുള്ള മാരത്തൺ ശ്രമങ്ങൾ സ്തംഭിക്കുകയും ചെയ്തിരുന്നു.

Leave a Reply