അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

0

ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ഖാര്‍ഗെയെ ഏല്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ കര്‍ണാടകയിലാണ് രാഹുലും ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ കര്‍ണാടകയിലെത്തിയത്. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ദിവസം മുമ്പ് അമേഠിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധി ഒരു സീറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സമ്മര്‍ദങ്ങളുണ്ടെങ്കിലും മത്സരിക്കില്ലെന്ന തീരുമാനത്തില്‍ പ്രിയങ്ക ഗാന്ധി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. റായ്ബറേലിയില്‍ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.റായ്ബറേലിയില്‍ ജയിച്ചാല്‍ ഗാന്ധി കുടുംബത്തിലെ മൂന്നു പേരും പാര്‍ലമെന്റിലെത്തുമെന്ന ന്യായമാണ് മത്സരിക്കാതിരിക്കാന്‍ പ്രിയങ്ക ഗാന്ധി പറയുന്നത്. ഇതു കുടുംബാധിപത്യ പാര്‍ട്ടിയെന്ന ബിജെപിയുടെ പ്രചാരണം ശക്തിപ്പെടുത്തുമെന്നും അവര്‍ പറയുന്നു. അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ്.

Leave a Reply