റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ സൈനിക കലാപം നേരിടേണ്ടിവന്നേക്കുമെന്നു മുന്നറിയിപ്പ്‌

0

റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ സൈനിക കലാപം നേരിടേണ്ടിവന്നേക്കുമെന്നു മുന്നറിയിപ്പ്‌. ഭീഷണി സ്വകാര്യസേനയായ വാഗ്നര്‍ ഗ്രൂപ്പില്‍നിന്നെന്നു റിപ്പോര്‍ട്ട്‌.
റഷ്യന്‍ മുന്‍ കമാന്‍ഡര്‍ ഇഗോര്‍ ഗിര്‍കിനാണ്‌ ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്‌. യുക്രൈനില്‍ റഷ്യന്‍ നിരയ്‌ക്കൊപ്പം ചേര്‍ന്നുള്ള പോരാട്ടത്തിലേറ്റ തിരിച്ചടി വ്‌ളാഡിമിര്‍ പുടിനുമായുള്ള വാഗ്നര്‍ ഗ്രൂപ്പിന്റെ ബന്ധം വഷളാക്കി. റഷ്യന്‍ പ്രതിരോധമന്ത്രാലയത്തെ പരസ്യമായി വിമര്‍ശിച്ച നടപടിയും കലാപത്തിനു കോപ്പുകൂട്ടലിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. യുക്രൈന്‍ യുദ്ധമുഖത്ത്‌ തന്റെ സേനയ്‌ക്കു പുടിന്റെ സഹായം ലഭിക്കുന്നില്ലെന്നു വാഗ്നര്‍ ഗ്രൂപ്പ്‌ നേരത്തെ പരാതിപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി യുക്രൈന്‍ നഗരമായ ബാഖ്‌മത്തില്‍നിന്ന്‌ സേനയെ പിന്‍വലിക്കുമെന്ന്‌ ഗ്രൂപ്പിന്റെ മേധാവിയായ യെവ്‌ജെനി പ്രിഗോഷിന്‍ ഭീഷണി മുഴക്കുകയും ചെയ്‌തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ പുടിന്‍ സൈനിക കലാപം നേരിടേണ്ടിവരുമെന്ന്‌ ഇഗോര്‍ ഗിര്‍കിന്‍ വ്യക്‌തമാക്കിയത്‌.
യുദ്ധമുഖത്തുനിന്നു സേനാ ഉന്നതരുടെ അനുമതികൂടാതെയുള്ള പിന്മാറ്റം സൈനിക കലാപമല്ലാതെ മറ്റെന്താണെന്ന്‌ ഗിര്‍കിന്‍ ചോദിക്കുന്നു. സ്വന്തം സേനയുടെ പിന്മാറ്റം യുക്രൈന്റെ മണ്ണില്‍ റഷ്യയുടെ വിനാശകരമായ പതനത്തിനു വഴിതെളിക്കുമെന്ന്‌ മറ്റാരേക്കാള്‍ നന്നായറിയാവുന്നയാളാണ്‌ പ്രിഗോഷിന്‍. അതിനാല്‍ത്തന്നെ റഷ്യന്‍ ഉന്നത സൈനിക നേതൃത്വത്തെ പ്രിഗോഷിന്‍ പരസ്യമായി ബ്ലാക്ക്‌ മെയില്‍ ചെയ്യുകയാണ്‌- ഗിര്‍കിന്‍ പറഞ്ഞു.
തന്റെ സംഘത്തെ വ്‌ളാഡിമിര്‍ പുടിന്‍ പിന്തുണയ്‌ക്കാത്തതിനാല്‍ യുക്രൈനില്‍ കനത്തനാശം നേരിടേണ്ടിവന്നതായി പ്രിഗോഷിന്‍ സമ്മതിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. റഷ്യന്‍ സേനാനേതൃത്വത്തിനും സേനയ്‌ക്കുമെതിരേ കടുത്തഭാഷയില്‍ പ്രിഗോഷിന്‍ വിമര്‍ശനവര്‍ഷം ചൊരിഞ്ഞതും എതിര്‍പ്പിന്റെ സൂചനയാണ്‌. അദ്ദേഹത്തിന്റെ രാഷ്‌ട്രീയാഭിലാഷങ്ങളും യുദ്ധക്കുറ്റങ്ങളും തെറ്റായതു ചെയ്യാന്‍ സായുധസേനയെ പ്രേരിപ്പിക്കുന്നതും വാഗ്നറിനെയും യുക്രൈനെ കീഴ്‌പ്പെടുത്തുകയെന്ന പൊതുലക്ഷ്യത്തിനുതന്നെ ദോഷം ചെയ്യുമെന്നും ഗിര്‍കിന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply