വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

0

വനിതാ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. ലീഗിൽ മുംബൈയുടെ തുടർച്ചയായ രണ്ടാം ജയവും ആർസിബിയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണിത്.

156 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ 14.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഹെയ്ലി മാത്യൂസ് (38 പന്തിൽ 77), നതാലി സ്‌കിവർ (29 പന്തിൽ 55) എന്നിവരാണ് മുംബൈ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റുമായി ഹെയ്ലി ബൗളിങ്ങിലും തിളങ്ങി.

തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ ഹെയ്ലി 38 പന്തിൽ നിന്ന് ഒരു സിക്സും 13 ഫോറുമടക്കം 77 റൺസോടെ പുറത്താകാതെ നിന്നു. നാറ്റ് സ്‌കിവർ 29 പന്തിൽ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 55 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 114 റൺസിന്റെ കൂട്ടുകെട്ട് ആർസിബിയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി.

യസ്തിക ഭാട്ടിയുടെ (23) വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്. മുംബൈക്ക് മികച്ച തുടക്കം നൽകിയ ശേഷമാണ് യസ്തിക മടങ്ങിയത്. പുറത്താവുമ്പോൾ 19 പന്തിൽ 23 റൺസെടുത്തിരുന്നു താരം. ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേർത്തു. പിന്നീട് ഒത്തുചേർന്ന ഹെയ്ലി- നതാലി സഖ്യം 114 റൺസ് കൂട്ടിചേർത്തു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആർസിബി 18.4 ഓവറിൽ 155 റൺസിന് ഓൾഔട്ടായിരുന്നു. പ്രധാന താരങ്ങളെല്ലാം ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ ക്യാപ്റ്റൻ സ്മൃതി മന്ദാന (23), റിച്ച ഘോഷ് (28), കനിക അഹൂജ (22), ശ്രേയങ്ക പാട്ടീൽ (23), മേഗൻ ഷുട്ട് (20) എന്നിവർക്ക് മാത്രമാണ് ആർസിബി സ്‌കോറിലേക്ക് അൽപമെങ്കിലും ഭേദപ്പെട്ട സംഭാവനകൾ നൽകാനായത്.

സോഫി ഡിവൈൻ (16), ദിഷ കസാറ്റ് (0), എല്ലിസെ പെറി (13), ഹീതർ നൈറ്റ് (0) എന്നിവരെല്ലാം ഒരിക്കൽ കൂടി നിരാശപ്പെടുത്തി. മുംബൈക്കായി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റുമായി തിളങ്ങി. സയ്ക ഇഷാഖും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here