ദുബായിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ നിന്ന് 29.5 ലക്ഷം രൂപയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി

0

ദുബായിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ നിന്ന് 29.5 ലക്ഷം രൂപയുടെ സിഗരറ്റ് കസ്റ്റംസ് പിടികൂടി. കൊറിയൻ നിർമ്മിതമായ 260400 സിഗരറ്റാണ് പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പതിനൊന്ന് ബാഗുകളിലാക്കിയായിരുന്നു സിഗരറ്റ് കൊണ്ടുവന്നത്. എഎസ്എസ്ഇ ഗോൾഡൻ ലീഫ് ബ്രാൻഡിന്റെ സൂപ്പർ സ്ലിം സിഗരറ്റുകളാണ് പിടികൂടിയിട്ടുള്ളത്. ഇന്ന് രാവിലെ ദുബായിൽ നിന്ന് അമൃത്സറിലേക്ക് വന്ന എസ് ജി 56 വിമാനത്തിനുള്ളിലായിരുന്നു വിദേശ നിർമ്മിത സിഗരറ്റ് ശേഖരം ഉണ്ടായിരുന്നത്.

എയർലൈൻ ജീവനക്കാരുടെ പക്കലായിരുന്നു ബാഗുകൾ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക സൂചനകൾ. സ്‌കാൻ ചെയ്തപ്പോൾ തോന്നിയ സംശയമാണ് ബാഗ് പരിശോധിക്കാൻ കാരണമായത്. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് സിഗരറ്റ് ശേഖരം പിടിച്ചിട്ടുള്ളത്.

ഇറക്കുമതി ചെയ്യുന്ന വിദേശ നിർമ്മിത സിഗരറ്റുകളുടെ അനധികൃത വിൽപന പഞ്ചാബിൽ സജീവമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പഞ്ചാബിൽ നിന്നും വിദേശ നിർമ്മിത സിഗരറ്റുകൾ എത്തുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വൻ ടാക്‌സ് വെട്ടിപ്പാണ് ഇത്തരം അനധികൃത വിൽപനയിലൂടെ നടക്കുന്നത്. കേൾക്കുക കൂടി ചെയ്യാത്ത ഇന്ത്യൻ കമ്പിനകളുടെ സിഗരറ്റും വിദേശ നിർമ്മിത സിഗരറ്റുകളും ഒരു പോലെ സുലഭമെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ വിശദമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here