വനിതാ ടി20 ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം

0

കേപ് ടൗൺ:വനിതാ ടി20 ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടം.വിജയത്തോടെ ചാമ്പ്യൻഷിപ്പ് തുടങ്ങാൻ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് ബ്ലോക്ക്‌ബസ്റ്റർ.ബാറ്റിങിൽ ഓപ്പണർ സ്മൃതി മന്ധാന കളിക്കില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. പരിക്കാണ് താരത്തിന് വിനയായത്.കൈവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് മന്ദാനയ്ക്ക് മത്സരം നഷ്ടമാവുക. ഓസ്‌ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

പരിക്കിനെ തുടർന്ന് ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കളിച്ചിരുന്നില്ല.അണ്ടർ 19 ലോകകപ്പിൽ ക്യാപ്റ്റനായി ടീമിനെ മുന്നിൽ നിന്ന് നയിച്ച് കിരീടവുമായി സീനിയർ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണർ ഷെഫാലി വർമയുടെ മിന്നും ഫോം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരുടെ സാന്നിധ്യവും ഇന്ത്യക്ക് കരുത്താണ്.

കഴിഞ്ഞ തവണ ഫൈനലിൽ തോറ്റ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാനെതിരെ ഇറങ്ങുന്നത്. വനിതാ ടി20 ലോകകപ്പുകളിൽ ആറ് തവണ ഇരുവരും നേർക്കുനേർ വന്നു. ഇതിൽ നാലിലും ഇന്ത്യയാണ് ജയിച്ചത്. ഒന്നാകെ ഇരുടീമും 13 മത്സരങ്ങളിൽ ഏറ്റുമുട്ടി. ഇന്ത്യ പത്തിലും പാക്കിസ്ഥാൻ മൂന്നിലും ജയിച്ചു. ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റിൻഡീസ് എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.

ഇന്ത്യ പതിനഞ്ചിന് വിൻഡീസിനെയും പതിനെട്ടിന് ഇംഗ്ലണ്ടിനെയും 20ന് അയർലൻഡിനെയും നേരിടും. ജുലൻ ഗോസ്വാമിയും മിതാലി രാജും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്.ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ 52 റൺസ് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ. നിലവിൽ ടി20 റാങ്കിങിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ ടീം. പാക്കിസ്ഥാനാകട്ടെ അവസാന സന്നാഹ മത്സരം തോറ്റാണ് എത്തുന്നത്. റാങ്കിങിൽ ഏഴാമതാണ് പാക് വനിതകൾ.സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ മത്സരം കാണാം. ഡിസ്നി ഹോട്സ്റ്റാറിലും ലൈവ് സ്ട്രീമിങ് ഉണ്ട്.

Leave a Reply