ഡൽഹിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി തസ്ലിമ നസ്‌റിൻ

0

ഡൽഹിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി തസ്ലിമ നസ്‌റിൻ. അനാവശ്യമായി ഇടുപ്പ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയ ആവേണ്ടി വന്നുവെന്നാണ് തസ്ലിമ നസ്‌റിൻ ആരോപിക്കുന്നത്. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ പേരെടുത്ത് പറഞ്ഞാണ് തസ്ലിമയുടെ ആരോപണം. ഇടുപ്പെല്ല് ഒടിഞ്ഞുവെന്ന് തെറ്റിധരിപ്പിച്ച് ശസത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് ആരോപണം.

എക്‌സറേയോ, സിടി സ്‌കാൻ റിപ്പോർട്ടോ കാണിക്കാൻ ആശുപത്രി അധികൃതരോ ഡോക്ടറോ തയ്യാറായില്ല. ജനുവരി 13നാണ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. 14ാം തിയതി ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കണമെന്ന് ഡോക്ടർ നിർബന്ധിച്ചു. ഇതിന് ശേഷമാണ് ഇടുപ്പിന് പൊട്ടലില്ലെന്ന് കണ്ടെത്തിയത്.

ഡിസ്ചാർജ് സമ്മറിയിലും തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയെന്നാണ് തസ്ലിമ ആരോപിക്കുന്നത്. 742845 രൂപ ചികിത്സയ്ക്കായി ആശുപത്രി ഈടാക്കിയെന്നും തസ്ലിമ ട്വിറ്ററിൽ വിശദമാക്കി. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ആലോചിക്കാനുള്ള സാവകാശം പോലെ ആശുപത്രി അധികൃതർ നൽകിയില്ല.

മുട്ടിന് വേദനയുമായാണ് തസ്ലിമ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇടുപ്പ് മുഴുവനായി മാറ്റി വയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡോക്ടർ തെറ്റിധരിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയെന്നാണ് ആരോപണം. ശസ്ത്രക്രിയയ്ക്ക് നിർബന്ധിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് പോരാതിരുന്നതിനേക്കുറിച്ച് വിഷമം ഉണ്ടെന്നും തസ്ലിമ വിശദമാക്കുന്നു. എന്നാൽ എഴുത്തുകാരിയുടെ ആരോപണങ്ങൾ ആശുപത്രി നിഷേധിച്ചു. തസ്ലിമയുടെ അനുവാദത്തോടെയാണ് ശസ്ത്രക്രിയ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here