ഭൂകമ്പത്തില്‍ മരണം 17.500

0


ഇസ്‌താംബുള്‍/ദമാസ്‌കസ്‌: ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണെങ്കിലും ആളുകളെ ഇനിയും ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ മങ്ങി. തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 17,500 കടന്നു.
കൊടും തണുപ്പ്‌ നാലുദിവസത്തെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമെന്നു കരുതുന്ന 72 മണിക്കൂര്‍ പിന്നിടുകയും ചെയ്‌തു. തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ താപനില ഇന്നലെ മൈനസ്‌ അഞ്ചു ഡിഗ്രി സെല്‍ഷ്യസായി താണു. അതേ സമയം, ആയിരക്കണക്കിനു കുടുംബങ്ങള്‍ വീടുകളിലേക്കു മടങ്ങാനാകാതെ കാറുകളിലും താല്‍ക്കാലിക കേന്ദ്രങ്ങളിലും കഴിയുകയാണ്‌.
രക്ഷാപ്രവര്‍ത്തനത്തില്‍ ചില വീഴ്‌കളുണ്ടായെന്ന്‌ തുര്‍ക്കി പ്രസിഡന്റ്‌ റെസിപ്‌ തയ്യിബ്‌ എര്‍ദോവന്‍ സമ്മതിച്ചു. ഭൂകമ്പം ഏറ്റവും നാശംവിതച്ച കഹ്‌റാമന്‍മരാസ്‌ എര്‍ദോഗന്‍ സന്ദര്‍ശിച്ചു.
തിങ്കളാഴ്‌ച പുലര്‍ച്ചെയുണ്ടായ, റിക്‌ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചനലത്തില്‍ തുര്‍ക്കിയില്‍ 14,351 പേരും സിറിയയില്‍ 3,162 മരിച്ചതായാണ്‌ ഔദ്യോഗിക കണക്ക്‌. തുര്‍ക്കിക്കും സിറിയയ്‌ക്കുമുള്ള രാജ്യാന്തര സഹായം ഏകോപിപ്പിക്കുന്നതിനായി വിവിധരാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
ഭൂകമ്പത്തിനു ശേഷം ആദ്യമായി വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ദുരിതാശ്വാസ സാമഗ്രികളുമായി വാഹനവ്യൂഹം എത്തി. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ മേഖലയിലെ ആശുപത്രികളടക്കം തകര്‍ന്ന നിലയിലാണ്‌. സാമ്പത്തികസ്‌ഥിതിയും തകര്‍ന്നു. വൈദ്യുതിക്കും ഇന്ധനത്തിനും വെള്ളത്തിനുമെല്ലാം ക്ഷാമം നേടിരുന്നതിനിടെയാണ്‌ ഭൂകമ്പദുരന്തം.

Leave a Reply