അദാനി ഗ്രൂപ്പിന്‌ വീണ്ടും തിരിച്ചടി; 20 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റ്‌ നോര്‍വേ വെല്‍ത്ത്‌ ഫണ്ട്‌

0


ഓസ്‌ലോ: അദാനി ഗ്രൂപ്പിലുണ്ടായിരുന്ന മുഴുവന്‍ ഓഹരി നിക്ഷേപവും വിറ്റൊഴിവാക്കി നോര്‍വേ സോവറിന്‍ വെല്‍ത്ത്‌ ഫണ്ട്‌.
20 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണു വിറ്റത്‌. ഓഹരി വിപണിയില്‍ പ്രതിസന്ധി നേരിടുന്ന അദാനി ഗ്രൂപ്പിന്‌ നോര്‍വേ വെല്‍ത്ത്‌ ഫണ്ടിന്റെ പിന്മാറ്റം തിരിച്ചടിയായി.
അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി പോര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പെഷല്‍ ഇക്കണോമിക്‌ സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളിലാണ്‌ നോര്‍വേ സോവറിന്‍ വെല്‍ത്ത്‌ ഫണ്ടിന്‌ നിക്ഷേപമുണ്ടായിരുന്നത്‌.
അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ നിക്ഷേപം കുറച്ചുകൊണ്ടുവരികയായിരുന്നെന്നും വെല്‍ത്ത്‌ ഫണ്ട്‌ റിസ്‌ക്‌ മോണിറ്ററിങ്‌ വിഭാഗം മേധാവി ക്രിസ്‌റ്റഫര്‍ റൈറ്റ്‌ പറഞ്ഞു.
വര്‍ഷാവസാനത്തോടെ ഞങ്ങള്‍ അദാനി കമ്പനികളിലെ നിക്ഷേപം കുറച്ചു. ഇനി അവിടെ ഞങ്ങള്‍ക്ക്‌ നിക്ഷേപം ബാക്കിയില്ല. വര്‍ഷങ്ങളായി അദാനി കമ്പനികളുടെ സമൂഹിക-പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചുവരികയാണ്‌- ക്രിസ്‌റ്റഫര്‍ റൈറ്റ്‌ മാധ്യമങ്ങളോടു പറഞ്ഞു. നേരത്തേ, അദാനി ഗ്രൂപ്പില്‍ 4.12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള കരാര്‍ നടപ്പാക്കുന്നത്‌ ഫ്രഞ്ച്‌ ബഹുരാഷ്‌ട്ര കമ്പനി ടോട്ടല്‍ എനര്‍ജീസ്‌ നീട്ടിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here