കടുവ കഴുത്തില്‍ കുരുക്കുമുറുകി ചത്ത സംഭവം , വനം വകുപ്പ്‌ നിരന്തരം ചോദ്യം ചെയ്‌ത ഗൃഹനാഥന്‍ തൂങ്ങിമരിച്ചനിലയില്‍

0


ബത്തേരി: വയനാട്‌ പൊന്‍മുടിക്കോട്ടയ്‌ക്കു സമീപം സ്വകാര്യ തോട്ടത്തില്‍ കടുവയെ കഴുത്തില്‍ കുരുക്കുമുറുകി ചത്ത നിലയില്‍ കണ്ട കേസില്‍ മൊഴിയെടുക്കുന്നതിനു മേപ്പാടി ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസിലേക്ക്‌ വിളിപ്പിച്ച ഗൃഹനാഥന്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
കടുവ ചത്തുകിടക്കുന്നത്‌ ആദ്യം കണ്ട അമ്പുകുത്തി നാല്‌ സെന്റ്‌ കോളനിയിലെ ചീരകര്‍ഷകനായ കുഴിവിള ഹരി(56)യെയാണ്‌ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്‌തമായി. ഹരിയെ ആത്മഹത്യയിലേക്കു നയിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആക്ഷന്‍ കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാവിലെ 10 ഓടെ ആരംഭിച്ച സമരത്തില്‍ സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
ഉപരോധം ബത്തേരിയില്‍ നിന്നു വിവിധ ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതത്തെ ബാധിച്ചു. ഒന്നര വയസുള്ള കടുവ സ്വകാര്യ തോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത്‌ ഹരിയാണ്‌. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഹരിയെന്നു നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിലെ ചില ഉദ്യോഗസ്‌ഥര്‍ കടുവ വിഷയത്തില്‍ മുനവച്ച ചോദ്യങ്ങളുമായി ഹരിയെ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നതായാണു ഭാര്യ ഉഷയുടെ വെളിപ്പെടുത്തല്‍.
അതേസമയം, ഹരിയെ മൊഴിയെടുന്നുന്നതിനു റേഞ്ച്‌ ഓഫീസിലേക്കു വിളിപ്പിച്ചിട്ടില്ലെന്നും ഒരു തവണ വീടിനു സമീപത്തുവച്ച്‌ കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ്‌ ചെയ്‌തതെന്നും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here