ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ രണ്ട്‌ റണ്‍ ജയം

0

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ രണ്ട്‌ റണ്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അഞ്ച്‌ വിക്കറ്റിന്‌ 162 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയുടെ പോരാട്ടം 160 ല്‍ ഒതുങ്ങി.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 13 റണ്‍. ചാമിക കരുണരത്‌നെ (16 പന്തില്‍ രണ്ട്‌ സിക്‌സറുകളടക്കം 23) ക്രീസില്‍ നില്‍ക്കേ കാസുന്‍ രജിതയും (അഞ്ച്‌) ദില്‍ഷന്‍ മധുശനകയും (0) റണ്ണൗട്ടായി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ 16 റണ്‍ വഴങ്ങിയതോടെയാണു ലങ്കയുടെ പ്രതീക്ഷ സജീവമായത്‌. 22 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ശിവം മാവിയാണു ലങ്കയെ തകര്‍ത്തത്‌. അരങ്ങേറ്റ ട്വന്റി20 യില്‍ തന്നെ നാല്‌ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ്‌. പ്രഗ്യാന്‍ ഓജ, ബാരീന്ദര്‍ സ്രാന്‍ എന്നിവരാണു മുന്‍ഗാമികള്‍.
നായകന്‍ ദാസുന്‍ ശനക (27 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 45), വാനിന്ദു ഹസരങ്ക (10 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 21), ഓപ്പണര്‍ കുശല്‍ മെന്‍ഡിസ്‌ (25 പന്തില്‍ 28) എന്നിവരില്‍ ലങ്കയുടെ പോരാട്ടം ഒതുങ്ങി. 23 പന്തില്‍ നാല്‌ സിക്‌സറും ഒരു ഫോറുമടക്കം 41 റണ്ണെടുത്ത ദീപക്‌ ഹൂഡയുടെയും 20 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 31 റണ്ണെടുത്ത അക്ഷര്‍ പട്ടേലും ചേര്‍ന്ന അപരാജിത കൂട്ടുകെട്ടാണ്‌ ഇന്ത്യയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്‌. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (29 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 37), നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യ (27 പന്തില്‍ 29) എന്നിവരാണു തിളങ്ങിയ മറ്റു ബാറ്റര്‍മാര്‍. ടോസ്‌ നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ശനക ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഇഷാന്‍ കിഷനും കന്നി ട്വന്റി20 കളിക്കുന്ന ശുഭ്‌മന്‍ ഗില്ലും (ഏഴ്‌) ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌.
ഗില്ലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മഹീഷ തീക്ഷ്‌ണ ഇന്ത്യയെ ഞെട്ടിച്ചു. സൂര്യകുമാര്‍ യാദവിനും (ഏഴ്‌) നിലയുറപ്പിക്കാനായില്ല. യാദവിനെ ദിമുത്‌ കരുണരത്‌നെ രാജപക്‌സെയുടെ കൈയിലെത്തിച്ചു. മലയാളി താരം സഞ്‌ജു സാംസണും നിരാശപ്പെടുത്തി. ആറ്‌ പന്തില്‍ അഞ്ച്‌ റണ്ണെടുത്ത സഞ്‌ജുവിനെ ധനഞ്‌ജയ ഡി സില്‍വ മധുശനകയുടെ കൈയിലെത്തിച്ചു. മൂന്നിന്‌ 46 റണ്ണെന്ന നിലയില്‍ വിയര്‍ത്ത ഇന്ത്യക്ക്‌ ഇഷാനും ഹാര്‍ദികും ചേര്‍ന്നു പ്രതീക്ഷ നല്‍കി. ഇഷാനെ വാനിന്ദു ഹസരങ്ക പുറത്താക്കിയതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. വൈകാതെ പാണ്ഡ്യയും പുറത്തായി. ഹൂഡയും അക്ഷര്‍ പട്ടേലും ചേര്‍ന്നുള്ള ആറാം വിക്കറ്റ്‌ കൂട്ടുകെട്ടാണ്‌ സ്‌കോറിനു മാന്യത പകര്‍ന്നത്‌. ഇരുവരും ചേര്‍ന്ന്‌ ആറാം വിക്കറ്റില്‍ 68 റണ്‍ നേടി

LEAVE A REPLY

Please enter your comment!
Please enter your name here