കൃത്രിമ ഗര്‍ഭധാരണം: പ്രായപരിധി പുനഃപരിശോധിക്കാന്‍ കേന്ദ്രത്തിന്‌ ഹൈക്കോടതി നിര്‍ദേശം

0


കൊച്ചി: പ്രായപരിധിയുടെ പേരില്‍ ദമ്പതികള്‍ക്കു കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്ന സാഹചര്യം ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്‌തി സ്വാതന്ത്യത്തിന്‌ എതിരാണെന്ന്‌ ഹൈക്കോടതി. കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2022 വകുപ്പ്‌ 21 (ജി) പ്രകാരം കൃ്രതിമ ഗര്‍ഭം ധരിക്കുന്ന ദമ്പതികളില്‍ പുരുഷന്മാര്‍ക്ക്‌ 55 വയസും സ്‌ത്രീകള്‍ക്ക്‌ 50 വയസും തികയാന്‍ പാടില്ലെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്‌.
ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ ഈ പ്രായപരിധി പൂര്‍ത്തിയായാല്‍ ഈ നിയമപ്രകാരം കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്‌.
ഇത്‌ ഭരണഘടന ഉറപ്പ്‌ നല്‍കുന്ന വ്യക്‌തി സ്വാതന്ത്യത്തിന്‌ എതിരാണെന്ന്‌ കാട്ടിയുള്ള 28 ഹര്‍ജികളാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌.
ഹര്‍ജിക്കാരില്‍ മിക്കവരും നിയമം നിഷ്‌കര്‍ഷിക്കുന്ന പ്രായപരിധി തികയുന്നതിനു മുന്‍പ്‌ തന്നെ കൃത്രിമ ഗര്‍ഭധാരണത്തിനായി ചികിത്സ തുടരുന്നവരാണ്‌.
ഇവര്‍ക്കു കൃത്രിമ ഗര്‍ഭധാരണം നിഷേധിക്കുന്നതു യുക്‌തിരഹിതവും ഏകപക്ഷീയവും അകാരണവും അവകാശ ലംഘനവുമാണെന്ന്‌ ഹൈക്കോടതി വിധിച്ചു. ഹര്‍ജിക്കാരില്‍ ചികിത്സയില്‍ ഇരിക്കുന്നവര്‍ക്കു ചികിത്സ തുടര്‍ന്നു പൂര്‍ത്തിയാക്കാനും കോടതി ഉത്തരവായി.
അഡ്വ. ആകാശ്‌ സത്യാനന്ദന്‍ , അഡ്വ.അലക്‌സ് സ്‌കറിയ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്‌റ്റിസ്‌ വി.ജി അരുണിന്റെയാണ്‌ വിധി. ഇതിനു പുറമെ , പ്രായപരിധി നിഷ്‌കര്‍ഷിക്കുന്ന വകുപ്പ്‌ 21 (ജി) പുനഃപരിശോധിക്കാനും, ഒപ്പം ചികിത്സ തുടരുന്നവര്‍ക്കു പ്രായപരിധിയുടെ വിലക്കു വരാതെ പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കുന്ന ഒരു വകുപ്പു വേണമോ എന്നു പരിശോധിക്കാനും ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു മൂന്നുമാസം സമയം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here