13 മണിക്കൂർ ആകാശയാത്ര ചെയ്ത യാത്രക്കാർ വിമാനം ലാൻഡ് ചെയ്തപ്പോൾ എത്തിയത് യാത്ര പുറപ്പെട്ട അതേ വിമാനത്താവളത്തിൽ

0

ദുബായ്: 13 മണിക്കൂർ ആകാശയാത്ര ചെയ്ത യാത്രക്കാർ വിമാനം ലാൻഡ് ചെയ്തപ്പോൾ എത്തിയത് യാത്ര പുറപ്പെട്ട അതേ വിമാനത്താവളത്തിൽ. വെള്ളിയാഴ്ച രാവിലെ ദുബായിൽനിന്ന് ന്യൂസിലൻഡിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനമാണ് 13 മണിക്കൂർ പറന്ന് ദുബായിൽ തിരിച്ചിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ 10.30ന് ന്യൂസിലൻഡിലേക്കു പുറപ്പെട്ട ഇകെ448 വിമാനം ശനിയാഴ്ച അർധരാത്രിയോടെയാണ് തിരിച്ചിറക്കിയത്.

9,000 മൈൽ യാത്രയുടെ പകുതിക്ക് വച്ച് പൈലറ്റ് വിമാനം യു ടേൺ എടുക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. വിമാനം ഇറങ്ങേണ്ടിയിരുന്ന ഓക്‌ലാൻഡ് വിമാനത്താവളത്തിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടത്. രാജ്യാന്തര ടെർമിനലിൽ വെള്ളം കയറിയതോടെ സർവീസുകൾ റദ്ദാക്കേണ്ടിവന്നുവെന്ന് ഓക്‌ലാൻഡ് വിമാനത്താവള അധികൃതർ അറിയിച്ചു. അസൗകര്യം ഉണ്ടാകുമെന്ന് അറിയാമെങ്കിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണു പ്രാമുഖ്യമെന്നും അവർ വ്യക്തമാക്കി.

ഞായറാഴ്ചയോടെ വിമാനത്താവളം വീണ്ടും പ്രവർത്തനസജ്ജമായെന്നാണു റിപ്പോർട്ട്. അതിശക്തമായ മഴയെ തുടർന്ന് വിമാനത്താവളത്തിനുള്ളിലടക്കം വെള്ളം കയറിയതിന്റെ വിഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഓക്‌ലാൻഡ് വിമാനത്താവളത്തിൽ അണ്ടർവാട്ടർ അനുഭവം എന്നാണ് ചിലർ കുറിച്ചത്. കനത്ത മഴയെ തുടർന്ന് ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലാൻഡിൽ വൻദുരിതമാണ് അനുഭവപ്പെടുന്നത്. നാല് പേർ മരിച്ചു. പലയിടങ്ങളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

Leave a Reply