സ്കോർ 3- 3, പെനാൽറ്റിയിൽ 4-2ന് അർജന്റീന ജയിക്കും! ആറാം ക്ലാസുകാരിയുടെ പ്രവചനം; അമ്പരപ്പിച്ച് ആയിഷ ഐഫ

0

നടുവണ്ണൂർ: ലോകകപ്പിൽ ആര് കപ്പടിക്കുമെന്നും എത്ര ​ഗോൾ സ്കോർ ചെയ്യുമെന്നും കിറു കൃത്യം പ്രവചിച്ച് ആറാം ക്ലാസുകാരി താരമായി. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ. ഹയർ സെക്കന്റൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആയിഷ ഐഫയാണ് അർജന്റീന- ഫ്രാൻസ് മത്സരം ഫലം പ്രവചിച്ച് അമ്പരപ്പിച്ചത്. സ്കൂളിൽ നടത്തിയ പ്രവചന മത്സരത്തിൽ ആയിഷ ചെറിയ പേപ്പർ കഷ്ണത്തിലാണ് സ്കോർ കൃത്യമായി കുറിച്ചിട്ടത്.

നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 3- 3 എന്ന നിലയിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന നാല്, ഫ്രാൻസ് രണ്ട്. ഇതായിരുന്നു ആയിഷയുടെ പ്രവചനം. സംഭവിച്ചതും അതു തന്നെ. ഏറെ നാടകീയതകൾക്കൊടുവിൽ ത്രില്ലർ പോരാട്ടം അതിജീവിച്ചാണ് അർജന്റീന കപ്പുയർത്തിയത്. ഫൈനൽ വിജയിയുടെ പേരും അടിക്കുന്ന ഗോൾ എണ്ണവും കൃത്യമായി ആറാം ക്ലാസുകാരി നേരത്തെ തന്നെ കുറിച്ചിടുകയും ചെയ്തു.

ലോകകപ്പിന്റെ ഭാ​ഗമായി നടുവണ്ണൂർ ഹൈസ്‌കൂളിൽ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളെല്ലാം വിജയ സാധ്യതകൾ പ്രവചിച്ചു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആരും കൃത്യമായി പ്രവചിക്കില്ലെന്ന് സംഘാടകരും കരുതി. ഷൂട്ടൗട്ടിലെ സ്‌കോറായ 4-2 ഉത്തരമായി പരിഗണിക്കാമെന്ന് സംഘാടകർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കുന്നതായി ആയിഷയുടെ അമ്പരപ്പിക്കുന്ന പ്രവചനം.

നടുവണ്ണൂർ ഗവ. ഹയർ സെക്കന്റൻഡറി സ്കൂളിലെ യു.പി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ബീ സ്മാർട്ടിന്റെ നേതൃത്വത്തിലാണ് പ്രവചന മത്സരം നടത്തിയത്. മുഴുവൻ കുട്ടികളെയും അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു മത്സരം. 

Leave a Reply