രണ്ട് വയസുകാരിക്ക് വാങ്ങിയ ഓംലെറ്റില്‍ പാറ്റ; രാജധാനി എക്സ്പ്രസിലെ കുക്കിനെതിരെ നടപടി

0

രാജധാനി എക്സ്പ്രസില്‍ നിന്ന് രണ്ട് വയസുകാരിയായ മകള്‍ക്ക് വേണ്ടി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയതായി യാത്രക്കാരന്‍. റെയില്‍വേ ഭക്ഷണം മെച്ചപ്പെട്ടതായി മന്ത്രിമാരടക്കം അഭിപ്രായപ്പെടുമ്പോഴാണ് തെളിവടക്കം നിരത്തി യാത്രക്കാരന്‍റെ ഗുരുതര ആരോപണം. റെയില്‍വേ, റെയില്‍വേ മന്ത്രി, പിയൂഷ് ഗോയല്‍ എന്നിവരെ അടക്കം ടാഗ് ചെയ്താണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്. ഡിസംബര്‍ 16 ന് ദില്ലിയില്‍ നിന്ന് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത യോഗേശ് എന്ന യാത്രക്കാരനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

രണ്ടര വയസുകാരിയായ മകള്‍ക്കായി വാങ്ങിയ ഓംലെറ്റില്‍ നിന്ന് പാറ്റയെ കിട്ടിയെന്നും മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നും യോഗേശ് ചോദിക്കുന്നു. യാത്രക്കാരന്‍റെ പിഎന്‍ആറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ട റെയില്‍വേ യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദവും പ്രകടപ്പിച്ചിട്ടുണ്ട്. പാറ്റയെ കണ്ട ഓംലൈറ്റുണ്ടാക്കിയ കുക്കിന്‍റെ ലൈസന്‍സ് മരവിപ്പിച്ചതായും സര്‍വ്വീസ് പ്രൊവഡര്‍ക്ക് 11 ലക്ഷം രൂപ പിഴയിട്ടതായും റെയില്‍വേ വ്യക്തമാക്കി. ഇതിന് പിന്നാലെ പാന്‍ട്രി ജീവനക്കാര്‍ക്ക് ചെറുകീടങ്ങളെ തടയാനുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേങ്ങളും റെയില്‍വേ നല്‍കിയിട്ടുണ്ട്.

അടുത്തിടെയാണ് നാഗാലാന്റ് മന്ത്രി ടെംജെൻ ഇമ്‌ന അലോംഗ് രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തെ പ്രശംസിച്ചത്. ഗുവാഹത്തിയിൽ നിന്ന് ദിമാപൂരിലേക്കുള്ള തന്റെ യാത്രയ്ക്കിടയിലെ വിശേഷങ്ങളാണ് മന്ത്രി പങ്കിട്ടത്. ട്രെയിനിൽ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ചിത്രവും മന്ത്രി പങ്കുവച്ചിരുന്നു.

Leave a Reply