ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടറിൽ

0

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ കീഴടക്കി ഇംഗ്ലണ്ട് ക്വാർട്ടറിൽ. ആദ്യപകുതിയിൽ രണ്ടു ഗോളിന്റെ ലീഡെടുത്ത ഇംഗ്ലണ്ട്, രണ്ടാം പകുതിയുടെ തുടക്കത്തിൽ മൂന്നാം ഗോളുമടിച്ച് അവസാന എട്ടിൽ ഇടംപിടിച്ചു.

57ാം മിനിറ്റിൽ യുവതാരം ബുകായോ സാകയാണ് ഇംഗ്ലണ്ടിനായി മൂന്നാം ഗോൾ നേടിയത്. ഫിൽ ഫോഡന്റെ പാസിൽ നിന്നായിരുന്നു സാകയുടെ ഗോൾ. ജോർദാൻ ഹെൻഡേഴ്‌സൻ (39ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി കെയ്ൻ (45+3) എന്നിവരാണ് ആദ്യപകുതിയിൽ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. സെനഗൽ താരങ്ങൾ കടുത്ത പോരാട്ടം കാഴ്ചവച്ച ആദ്യ പകുതിയിൽ, അവർക്ക് ലക്ഷ്യത്തിനു മുന്നിൽ പിഴച്ചതാണ് ഇംഗ്ലണ്ടിന് രക്ഷയായത്. കൗണ്ടർ അറ്റാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിൽ രണ്ടു ഗോളുകളെത്തിയത്.

സെനഗൽ ബോക്‌സ് ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ക്യാപ്റ്റൻ ഹാരി കെയ്‌നു നിയന്ത്രണം നഷ്ടമായ പന്ത് പിടിച്ചെടുത്ത് ഫിൽ ഫോഡൻ ഇടതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളിൽ കലാശിച്ചത്. പന്തുമായി കുതിച്ചോടിയ ഫോഡൻ, ബോക്‌സിനു പറത്തുവച്ച് അത് ഗോൾമുഖത്തേക്ക് മറിച്ചു. പോസ്റ്റിനു സമാന്തരമായെത്തിയ പന്തിന് ഓടിയെത്തിയ ബുകായോ സാക വലയിലേക്ക് വഴികാട്ടുമ്പോൾ, ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഖത്തർ ലോകകപ്പിൽ ബുകായോ സാകയുടെ മൂന്നാം ഗോൾ. സ്‌കോർ 30.
നേരത്തെ, ഹാരി കെയ്‌നിൽനിന്ന് ലഭിച്ച പന്തുമായി ഇടതുവിങ്ങിലൂടെ ബെല്ലിങ്ങാം നടത്തിയ മുന്നേറ്റമാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധിക്കാനെത്തിയ സെനഗൽ താരങ്ങളെ ഒന്നൊന്നായി പിന്തള്ളി ബോക്‌സിനു സമീപത്തേക്ക് കുതിച്ചെത്തിയ ബെല്ലിങ്ങാം, പന്തു നേരെ ബോക്‌സിനു നടുവിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ ജോർദാൻ ഹെൻഡേഴ്‌സൻ ഇടംകാലുകൊണ്ട് പന്തിനു വലയിലേക്ക് വഴികാട്ടി. ഗോൾകീപ്പർ എഡ്വാർഡ് മെൻഡിക്കും ഒന്നും ചെയ്യാനായില്ല.

കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്‌കോററായിട്ടും ഇത്തവണ ഗോളൊന്നും നേടാനാകാത്തതിന്റെ നിരാശ തീർത്ത് ക്യാപ്റ്റൻ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി രണ്ടാം ഗോൾ നേടിയത്. ഒരിക്കൽക്കൂടി അതിവേഗ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. സ്വന്തം പകുതിയിൽനിന്ന് പന്തു പിടിച്ചെടുത്ത് ജൂഡ് ബെല്ലിങ്ങാമാണ് ഇക്കുറി മുന്നേറ്റത്തിനു തുടക്കമിട്ടത്. മധ്യത്തിലൂടെ പന്തുമായി മുന്നേറിയ ബെല്ലിങ്ങാം, അത് ഫിൽ ഫോഡനു മറിച്ചു. ഫോഡൻ ഞൊടിയിടയ്ക്കുള്ളിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ക്യാപ്റ്റൻ കെയ്‌ന് പന്തു നൽകി. പോസ്റ്റിനു മുന്നിൽ ആവശ്യത്തിനു സമയം ലഭിച്ച കെയ്‌നിന്റെ ഷോട്ട് എഡ്വാർഡ് മെൻഡിയെ മറികടന്ന് വലയിലേക്ക്.

സെനഗൽ താരങ്ങൾ രണ്ട് സുവർണാവസരങ്ങൾ പാഴാക്കുന്നതും ആദ്യ പകുതിയിൽ കണ്ടു. 31ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സെനഗൽ മുന്നിലെത്തേണ്ടിയിരുന്നതാണ്. രക്ഷകനായത് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ്. ബുകായോ സാകയിൽനിന്ന് പിടിച്ചെടുത്ത പന്തുമായി ഇസ്മയില സാർ നടത്തിയ കുതിപ്പിനിടെ അദ്ദേഹം അത് ബൗലായേ ദിയയ്ക്കു മറിച്ചു. ഇടതുവിങ്ങിൽനിന്ന് തിയ തൊടുത്ത പൊള്ളുന്ന ഷോട്ട് പോസ്റ്റിനു മുന്നിൽ പിക്‌ഫോർഡിന്റെ ഇടതുകയ്യിൽത്തട്ടി തെറിക്കുന്നത് സെനഗൽ ആരാധകർ അവിശ്വസനീയതയോടെയാണ് കണ്ടത്.

Leave a Reply