സന്നിധാനത്ത്‌ പോലീസ്‌ സുരക്ഷാ സംവിധാനം ശക്‌തമാക്കുന്നു

0

സന്നിധാനത്ത്‌ പോലീസ്‌ സുരക്ഷാ സംവിധാനം ശക്‌തമാക്കുന്നു. ഇന്ന്‌ മുതല്‍ ഏഴ്‌ വരെയാണ്‌ സുരക്ഷ ശക്‌തമാക്കുന്നത്‌. തീര്‍ത്ഥാടകര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകാതെ സുഗമമായി ദര്‍ശനം ലഭിക്കത്തക്ക രീതിയിലാണ്‌ സുരക്ഷ ഏര്‍പ്പെടുത്തുകയെന്ന്‌ ശബരിമല പോലീസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ എ.ഡി.ജി.പി: എം.ആര്‍ അജിത്‌ കുമാര്‍ പറഞ്ഞു.
ആന്റി സബോട്ടേജ്‌ ചെക്കിങ്‌ ശക്‌തമാക്കും. സ്‌ഫോടക വസ്‌തുക്കള്‍ പരിശോധിച്ച്‌ കണ്ടെത്താന്‍ കഴിയുന്ന കൂടുതല്‍ പോലീസുകാര്‍ എത്തും. മഫ്‌തിയില്‍ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിക്കും. സംശയാസ്‌പദമായി കാണുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കും. പമ്പയിലും സന്നിധാനത്തുമായി 200 പോലീസുകാരെ കൂടുതലായി വിന്യസിക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കാനനപാതകളില്‍ പ്രത്യേക സ്‌ക്വാഡ്‌ പരിശോധന നടത്തും. വിശദമായ പരിശോധന കൂടാതെ സന്നിധാനത്തേക്കു കടക്കാന്‍ ആരെയും അനുവദിക്കില്ല.
ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകാരെ പമ്പ ഗാര്‍ഡ്‌ റൂമിനു മുന്നിലെയും വലിയ നടപ്പന്തലിലെയും മെറ്റല്‍ ഡിറ്റക്‌ടറിലൂടെ മാത്രമേ തിരുമുറ്റത്തേക്കു കടത്തിവിടുകയുള്ളൂ. സന്നിധാനത്തും പരിസരത്തും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ദേവസ്വം വിജിലന്‍സ്‌ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയിട്ടുണ്ട്‌.
പമ്പ, സന്നിധാനം, വനപ്രദേശങ്ങള്‍, കാനനപാതകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്‌തമാക്കും. ബോംബ്‌ ഡിറ്റക്‌ഷന്‍ ഡിസ്‌പോസിബിള്‍ ടീമിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്ര ദ്രുതകര്‍മസേന, ദുരന്ത നിവാരണ സേന, പോലീസ്‌ കമാന്‍ഡോകള്‍ തുടങ്ങിയവര്‍ സന്നിധാനത്ത്‌ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. ഡെപ്യൂട്ടി കമാന്‍ഡന്റ്‌ ജി. വിജയന്റെ നേതൃത്വത്തില്‍ കേന്ദ്ര ദ്രുതകര്‍മസേനയുടെ ഒരു കമ്പനിയെയാണ്‌ വിന്യസിച്ചിട്ടുള്ളത്‌.

LEAVE A REPLY

Please enter your comment!
Please enter your name here