ലോകകപ്പ് ഫുട്‌ബോളിനിടെ പ്രതിഷേധങ്ങൾ പലവിത്തിലാണ് നടക്കുന്നത്

0

ദോഹ: ലോകകപ്പ് ഫുട്‌ബോളിനിടെ പ്രതിഷേധങ്ങൾ പലവിത്തിലാണ് നടക്കുന്നത്. സംഘാടകരായ ഖത്തറിനോടുള്ള നിലപാടിനൊപ്പം മറ്റു പല വിഷയങ്ങളും ഇതിനോടകം ലോകകപ്പ് വേദിയിൽ ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയത് മഴവിൽ പതാകയുമായി മൈതാനത്ത് ഓടിയ യുവാവാണ്. ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ യുറഗ്വായ് മത്സരത്തിനിടെയാണ് നാടകീയ സംഭവം. സൂപ്പർമാൻ ടീ-ഷർട്ട് ധരിച്ച യുവാവ്, കൈയിൽ മഴവിൽ നിറത്തിലുള്ള പതാക പിടിച്ച് മൈതാനത്തിലൂടെ ഓടുകയായിരുന്നു.

ടീ-ഷർട്ടിന്റെ മുൻഭാഗത്ത് ‘സേവ് യുക്രൈൻ’ എന്നും പിന്നിൽ ‘ റെസ്പെക്ട് ഫോർ ഇറാനിയൻ വുമൺ’ എന്നും എഴുതിയിരുന്നു. തുടർന്ന് മത്സരം അൽപ നേരം തടസപ്പെടുകയും ചെയ്തു. പ്രതിഷേധക്കാരനെ പിന്തുടർന്ന് സെക്യൂരിറ്റിയും പിറകേ ഓടി. തുടർന്ന് യുവാവ് ഉപേക്ഷിച്ച മഴവിൽ നിറത്തിലുള്ള പതാക റഫറി പുറത്തേക്ക് നീക്കുകയായിരുന്നു.

പ്രതിഷേധക്കാരനെതിരേ എന്തെങ്കിലും നിയമനടപടിയെടുത്തോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. ഫിഫയും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സ്വവർഗാനുരാഗത്തിനെതിരേ നിയമം നിലനിൽക്കുന്ന രാജ്യമാണ് ഖത്തർ. നേരത്തേ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വിവിധ നിറത്തിലുള്ള ‘വൺ ലൗ’ ആം ബാൻഡ് ധരിക്കാനോ ആരാധകർക്ക് മഴവിൽ നിറങ്ങളിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. അതേ സമയം രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിച്ചുകൊണ്ട് എല്ലാവർക്കും വരാമെന്ന് ഖത്തർ വ്യക്തമാക്കിയിരുന്നു.

ഏഴ് യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷനുകളാണ് ‘വൺ ലവ്’ ആം ബാൻഡ് ധരിച്ച് കളിക്കാൻ തീരുമാനിച്ചത്. എന്നാൽ ആതിഥേയ രാജ്യത്തിനെതിരെ ഇത്തരത്തിൽ ആം ബാൻഡ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളിൽ ഉറുഗ്വെയ്ക്കെതിരെ പോർച്ചുഗലിന് ജയം(20). ഗ്രൂപ്പ് എച്ചിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലെത്തി. രണ്ടാം മത്സരത്തിലെ തോൽവിയോടെ ഉറുഗ്വെയുടെ ഭാവി തുലാസിലായി. സൗത്തുകൊറിയക്കെതിരെയുള്ള ഉറുഗ്വെയുടെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. മറ്റു മത്സരഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇനി ഉറുഗ്വെയുടെ ഭാവി

LEAVE A REPLY

Please enter your comment!
Please enter your name here