താലിബാൻ സ്ഥാപകന്റെ ശവകുടീരം ഇവിടെയാണ്; വിവരങ്ങൾ പുറത്തുവിട്ട് അഫ്​ഗാൻ ഭരണകൂടം

0

കാബൂൾ: താലിബാൻ സ്ഥാപകന്റെ ശവകുടീരം എവിടെയെന്ന് വെളിപ്പെടുത്തി അപ്​ഗാൻ ഭരണകൂടം. താലിബാൻ സ്ഥാപകനായ മുല്ല ഒമറിന്റെ ശവകുടീരത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുല്ല ഒമർ മരിച്ച് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ശവകുടീരത്തെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടത്.

അഫ്‌ഗാനിസ്ഥാനിലെ സാബൂൽ പ്രവിശ്യയിൽ സൂരി ജില്ലയിലെ ഒമാർസോ എന്ന സ്ഥലത്താണ് മുല്ല ഒമറിന്റെ കുഴിമാടം സംരക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ഒരു ചടങ്ങ് നടത്തിയതായും താലിബാന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തതായും വക്താവ് സബീഹുല്ല മുജാഹിത് മാധ്യമങ്ങളോട് പറഞ്ഞു.

2001ൽ അമേരിക്ക താലിബാനെ അഫ്‌ഗാൻ ഭരണത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം മുല്ല ഒമറിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ മുല്ല ഒമർ രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ മരണപ്പെട്ടുവെന്ന വിവരം 2015ൽ മാത്രമാണ് താലിബാൻ വെളിപ്പെടുത്തിയത്. അൻപത്തിയഞ്ചാം വയസിലായിരുന്നു മുല്ല ഒമറിന്റെ അന്ത്യം.

ശത്രുക്കളിൽ നിന്ന് ശവകുടീരം സംരക്ഷിക്കുന്നതിനായാണ് ഇത്രയും കാലം രഹസ്യമാക്കി വച്ചിരുന്നതെന്ന് സബീഹുല്ല വെളിപ്പെടുത്തി. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് ശവകുടീരത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാമായിരുന്നത്. വെളുത്ത കല്ലുകൾ പാകി ചരലുകൾ കൊണ്ട് മൂടി പച്ച ലോഹക്കൂട് കൊണ്ട് വേലിക്കെട്ടിയിരിക്കുന്ന നിലയിലാണ് മുല്ല ഒമറിന്റെ കുഴിമാടം ചിത്രങ്ങളിൽ കാണപ്പെടുന്നത്. ശവകുടീരത്തിൽ മറ്റുള്ളവർ സന്ദർശിക്കുന്നതിനെക്കുറിച്ച് തീരുമാനം സ്വീകരിച്ചുവെന്നും ജനങ്ങൾക്ക് സന്ദർശനം നടത്താമെന്നും സബീഹുല്ല വ്യക്തമാക്കി.

ഒരു പതിറ്റാണ്ട് നീണ്ട സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിന് മറുമരുന്നെന്നോണമായിരുന്നു താലിബാൻ സ്ഥാപിക്കപ്പെട്ടത്. എന്നാൽ ഇസ്ളാമിക ഭരണത്തിന്റെ അങ്ങേയറ്റം കർക്കശമായ രീതിയാണ് പിന്നീട് ലോകം കണ്ടത്. സ്ത്രീകളെ പൊതുമദ്ധ്യത്തിൽ നിന്ന് അപ്രത്യക്ഷരാക്കുകയും വധശിക്ഷ, ചാട്ടവാറടി പോലുള്ള കഠിനമായ ശിക്ഷാവിധികൾ നടപ്പിലാക്കുകയും ചെയ്തത് താലിബാന്റെ വരവോടെയായിരുന്നു. 2001ൽ യു എസ് സേന പുറത്താക്കിയതിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അഫ്‌ഗാൻ ഭരണം തിരിച്ചുപിടിച്ചത്. ഇരുപത് വർഷം നീണ്ട അമേരിക്കയുടെ സൈനിക പിന്തുണ പിൻവലിച്ചതോടെ താലിബാൻ ഭരണം കയ്യടക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here