അരളിപ്പൂവ് ഇനി പടിക്ക് പുറത്ത്; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കും

0

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കും. നിവേദ്യങ്ങളിലും പ്രസാദത്തിലും ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. എന്നാൽ പൂജയ്ക്ക് ഉപയോഗിക്കാം. സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് പുതിയ തീരുമാനം എന്നും ദിവസം ബോർഡ് ചെയർമാൻ പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ ആയിരുന്നു തീരുമാനം.


നേരത്തെ ശാസ്ത്രീയ പരിശോധനാ ഫലം വരുന്നതു വരെ വിലക്കു വേണ്ടന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. ക്ഷേത്ര നടകളിലെ കടകളില്‍ നിറയെ ഉണ്ടായിരുന്ന അരളിപ്പൂവിന്‍റെ സ്ഥാനത്ത് ഇപ്പോള്‍ മറ്റു പൂവുകളാണു ഉള്ളതും. വിലക്കുറവും തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ഏറ്റവും കൂടുതല്‍ വരുന്നതും കണക്കിലെടുത്താണ് അരളിപ്പൂവിനു ക്ഷേത്രങ്ങളില്‍ കൂടുതല്‍ പ്രചാരം കിട്ടിയത്.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ മറ്റോ ഇവര്‍ അബദ്ധത്തില്‍ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. എന്നാല്‍ ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് വിഷമാണ് എന്ന നിലയിലുള്ള പ്രചാരണം ശക്തമായി. ഇതോടെ ആളുകളില്‍ ആശങ്കയും പടര്‍ന്നു. ഇതിന് ശേഷം പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here