ലഹരിയില്ല, ഔദ്യോ​ഗിക ചുമതലയിൽ വീഴ്ച്ചയുമില്ല; വിവാദ നൃത്തത്തിൽ സന്ന മരിന് ക്ലീൻചിറ്റ്

0

ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന്റെ നൃത്ത വീഡിയോ സംബന്ധിച്ച വിവാദം കെട്ടടങ്ങുന്നു. സന്ന മരിൻ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് പിന്നാലെ ഫിൻലാൻഡ് ചാൻസലർ ഓഫ് ജസ്റ്റിസാണ് സന്നക്ക് ക്ലീൻചിറ്റ് നൽകിയത്. സന്ന മരിൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യങ്ങൾ അവഗണിക്കുകയോ ജോലിയിൽ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡ് ചാൻസലർ ഓഫ് ജസ്റ്റിസ് തോമസ് പോയ്സ്റ്റി ചൂണ്ടിക്കട്ടി.

സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നതോടെ 36കാരിയായ പ്രധാനമന്ത്രി വിവാദത്തിലായിരുന്നു. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്തുവെന്നായിരുന്നു സന്നയ്ക്കെതിരെ ഉയർന്ന ആരോപണം.

ഫിൻലാൻഡിലെ സെലബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അടങ്ങിയ കൂട്ടത്തിനു നടുവിലായിരുന്നു പ്രധാനമന്ത്രിയുടെ നൃത്തം. വീഡിയോ വൈറലായതിന് പിന്നാലെ ഇവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളും നടന്നിരുന്നു. മയക്കുമരുന്ന് ഉപയോഗം സംബന്ധിയായ ആരോപണം രൂക്ഷമായതോടെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവാമെന്ന് സന്ന മരിൻ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റിലായിരുന്നു വിവാദമായ പാർട്ടി നടന്നത്. പാർലമെൻറിൽ നിന്ന് തന്നെ രൂക്ഷമായ വിമർശനവും ഈ പദവിയിൽ തുടരാൻ സന്ന യോഗ്യയാണോയെന്ന സംശയവും ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സ്വതന്ത്ര അധികാരം നൽകി ഫിൻലൻഡ് ചാൻസലർ ഓഫ് ജസ്റ്റിസ് ഇതിലെ നിയമ പ്രശ്നങ്ങൾ വിലയിരുത്താൻ നിയമിതനായത്. ഫിൻലൻഡ് ചാൻസലർ ഓഫ് ജസ്റ്റിസിന് പരാതി നൽകാൻ സാധാരണക്കാർക്കും അധികാരം നൽകിയിരുന്നു. ഇവരുടേതാണ് പ്രധാനമന്ത്രി ഔദ്യോഗ നിർവഹണത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന അന്തിമ തീരുമാനം എത്തുന്നത്. പ്രധാനമന്ത്രി കൃത്യ നിർവ്വഹണത്തിനിടെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഫിൻലൻഡ് ചാൻസലർ ഓഫ് ജസ്റ്റിസ് തോമസ് പോയ്സ്റ്റി വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരായ പരാതികളിൽ ആരോപിച്ചിരുന്ന കൃത്യ നിർവ്വഹണ വീഴ്ച എന്താണെന്ന് തെളിയിക്കാനായില്ലെന്നും തോമസ് പോയ്സ്റ്റി വിശദമാക്കി.

എന്നാൽ സ്വകാര്യ ചടങ്ങിൽ നടന്ന വീഡിയോ പുറത്ത് വന്നതിലുള്ള അതൃപ്തി സന്ന മറിനും വ്യക്തമാക്കി. വീഡിയോ ചിത്രീകരിക്കുന്നത് അറിയാമായിരുന്നു, പക്ഷേ അത് സ്വകാര്യ ശേഖരത്തിലേക്ക് ആണെന്നായിരുന്നു ധാരണയെന്നാണ് സന്ന ഇതിനേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. മയക്കുമരുന്ന് ഉപയോഗം നടന്നോയെന്ന് അറിയാനായി നടന്ന പരിശോധനയും സന്നയ്ക്ക് അനുകൂലമായിരുന്നു. താനും മനുഷ്യനാണ്, ചില സമയങ്ങളിൽ അമിതമായി സന്തോഷിക്കാറുണ്ട്. ആരോപണങ്ങളുടെ കാർമേഘം മാറി വെളിച്ചം പുറത്തുവരുമെന്നും അവർ പ്രതികരിച്ചിരുന്നു.

നിശാപാർട്ടിയുടെ വിവിധ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തോമസ് പോയ്സ്റ്റിയുടെ തീരുമാനം എത്തിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ 2019ലാണ് സന്ന മരിൻഅധികാരത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here