സഹപാഠിയില്‍നിന്ന് ഇരുപത്തിമൂന്നുകാരി ഗർഭിണിയായി; 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി അനുമതി

0

കൊച്ചി: സഹപാഠിയില്‍നിന്ന് ഗര്‍ഭിണിയായ ഇരുപത്തിമൂന്നുകാരിയായ എം.ബി.എ. വിദ്യാര്‍ഥിനിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് ഉത്തരവ്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിലൂടെയാണ് സഹപാഠിയില്‍നിന്ന് പെൺകുട്ടി ഗർഭിണിയായത്. ആര്‍ത്തവം കൃത്യമല്ലാത്തതിനാല്‍ ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായിരുന്നില്ല. സഹപാഠി തുടര്‍പഠനത്തിനായി വിദേശത്തേക്കുപോയിരുന്നു.

തുടര്‍പഠനത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കും എന്നത് കണക്കിലെടുത്താണ് യുവതി ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിച്ചത്. 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപരമായ തടസ്സമുള്ളതിനാല്‍ ആശുപത്രികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിനിര്‍ദേശത്തെ തുടര്‍ന്ന് രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും മാനസികനിലയെ ബാധിക്കുമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

ഈ ഘട്ടത്തില്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അമ്മയ്ക്കും കുട്ടിക്കും ക്ലേശകരമായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഗര്‍ഭം തുടരുന്നതില്‍ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ കോടതി അനുമതിനല്‍കിയത്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണഘടന അനുച്ഛേദം-21 യുവതിക്ക് നല്‍കുന്ന സ്വാതന്ത്ര്യം കണക്കിലെടുത്താണ് കോടതിയുടെ അനുമതി. ഹര്‍ജിക്കാരിയുടെ ഉത്തരവാദിത്വത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് അനുമതി. കുട്ടി ജീവനോടെയാണ് ജനിക്കുന്നതെങ്കില്‍ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here