ഡയമണ്ട്‌ ലീഗ്‌ ഫൈനല്‍സില്‍ നീരജിന്റെ വജ്ര ശോഭ

0

സൂറിച്ച്‌ (സ്വിറ്റ്‌സര്‍ലന്‍ഡ്‌): ഇന്ത്യയുടെ സൂപ്പര്‍ താരം ഒളിമ്പ്യന്‍ നീരജ്‌ ചോപ്രയ്‌ക്ക് ഒരു റെക്കോഡ്‌ കൂടി. ഡയമണ്ട്‌ ലീഗ്‌ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണു നീരജ്‌ ചോപ്ര സ്വന്തമാക്കിയത്‌.
ഫൈനലില്‍ 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജ്‌ ചാമ്പ്യനായത്‌. ഇന്ത്യന്‍ താരത്തിന്റെ കരിയറിലെ മികച്ച നാലാമത്തെ പ്രകടനമാണിത്‌. ആദ്യ ശ്രമം ഫൗളായി. ആശങ്കകള്‍ക്ക്‌ ഇട നല്‍കാതെ രണ്ടാം ശ്രമം തന്നെ 88.44 മീറ്ററിലെത്തിച്ചു. പിന്നാലെ 88.00, 86.11, 87.00, 83.60 മീറ്ററുകളിലേക്ക്‌ ജാവലിന്‍ എറിഞ്ഞ്‌ മെഡല്‍ പട്ടികയില്‍നിന്നു പുറത്താകില്ലെന്ന്‌ ഉറപ്പാക്കി.
ചെക്ക്‌ റിപ്പബ്ലിക്കിന്റെ യാക്കൂബ്‌ വാല്‍ദെജ്‌ 86.94 മീറ്റര്‍ കുറിച്ച്‌ വെള്ളി നേടി. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 83.73 മീറ്ററിന്റെ മികച്ച ദൂരവുമായി വെങ്കലം നേടി. ലോക അത്‌ലറ്റിക്‌സിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ഡയമണ്ട്‌ ലീഗ്‌ ഒളിമ്പിക്‌സും ലോക ചാമ്പ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌. ടോക്കിയോ ഒളിമ്പിക്‌സിലൂടെ ഇന്ത്യക്ക്‌ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിക്കൊടുത്ത നീരജ്‌ 13 മാസത്തിനിടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് ഏഴിനായിരുന്നു നീരജ്‌ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത്‌്. യൂജിനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റര്‍ ദൂരം കുറിക്കാനായി. ഡയമണ്ട്‌ ലീഗ്‌ ഫൈനലില്‍ അതും മെച്ചപ്പെടുത്തി.
ഈ വര്‍ഷം നടന്ന 13 ഡയമണ്ട്‌ ലീഗ്‌ സീരിസുകളില്‍ മികച്ച സമയം കുറിച്ച ആറ്‌ അത്‌ലറ്റുകളാണ്‌ ജാവലിന്‍ ഫൈനലില്‍ അണിനിരന്നത്‌. ജാവലിന്‍ ലോക ചാമ്പ്യന്‍ ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് പരുക്കിനെ തുടര്‍ന്ന്‌ ഫൈനലിനുണ്ടായില്ല. ഒളിമ്പിക്‌സില്‍ നീരജിന്‌ പിന്നില്‍ വെള്ളി നേടിയ താരമാണു യാക്കൂബ്‌. സൂറിച്ചില്‍ 87 മീറ്റര്‍ കടക്കാന്‍ യാക്കൂബിനായില്ല. ലൂസന്നയില്‍ നടന്ന ഡയമണ്ട്‌ ലീഗ്‌ പാദത്തില്‍ 85.20 മീറ്റര്‍ എറിഞ്ഞാണു നീരജ്‌ ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്‌. അന്ന്‌ 89.08 മീറ്റര്‍ നേടി സ്വര്‍ണവും നേടി. ഡയമണ്ട്‌ ലീഗ്‌ മീറ്റില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും അന്നു സ്വന്തമാക്കി. ഡയമണ്ട്‌ ലീഗ്‌ കിരീടം നേടിയ താരത്തിന്‌ 30,000 ഡോളര്‍ പാരിതോഷികമായും ഹംഗറിയിലെ ബുഡാപെസ്‌റ്റില്‍ നടക്കുന്ന 2023 ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള െൈവല്‍ഡ്‌ കാര്‍ഡും ഇന്ത്യന്‍ താരത്തിനു ലഭിച്ചു. കഴിഞ്ഞ മാസം ബ്രിട്ടനിലെ ബിര്‍മിങാമില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാന്‍ നീരജിനായില്ല. പരുക്കായിരുന്നു വില്ലനായത്‌. ടോക്കിയോ ഒളിമ്പിക്‌സിനു ശേഷം അഞ്ചാം തവണയാണു നീരജ്‌ യാക്കൂബ്‌ വാല്‍ദെജിനെ പിന്നിലാക്കുന്നത്‌. പാവോ നൂര്‍മി ഗെയിംസ്‌ (ജൂണ്‍ 14), സ്‌റ്റോക്ക്‌ഹോം ഡയമണ്ട്‌ ലീഗ്‌ (ജൂണ്‍ 30) എന്നിവയിലും ലോക ചാമ്പ്യന്‍ഷിപ്പിലും ലൂസന്നയിലും നീരജ്‌ യാക്കൂബിനെ മറികടന്നു. 90 മീറ്റര്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാത്ത നിരാശ കൂടെയുണ്ടെന്നു മത്സരത്തിനു ശേഷം നീരജ്‌ കുറിച്ചു. സീസണിലെ അവസാന മത്സരമെന്നതിനാല്‍ നേട്ടത്തില്‍ തൃപ്‌തനാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here