പാകിസ്‌താനെ എറിഞ്ഞൊതുക്കി , ഫൈനല്‍ നാളെ

0

ദുബായ്‌: ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക പാകിസ്‌താനെ എറിഞ്ഞൊതുക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 121 റണ്ണിന്‌ ഓള്‍ഔട്ടായി.
21 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്ക ഡി സില്‍വയാണു പാകിസ്‌താനെ തടഞ്ഞു നിര്‍ത്തിയത്‌. മഹീഷ തീക്ഷ്‌ണ, പ്രമോദ്‌ മധുഷന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ധനഞ്‌ജയ ഡി സില്‍വ, ചാമിക കരുണരത്‌നെ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. നായകനും ഓപ്പണറുമായ ബാബര്‍ അസം (29 പന്തില്‍ 30), മുഹമ്മദ്‌ നവാസ്‌ (18 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 26) എന്നിവര്‍ മാത്രമാണു പിടിച്ചുനിന്നത്‌. ലങ്കന്‍ ബൗളര്‍മാര്‍ നല്‍കിയ 17 അധിക റണ്ണാണു മൂന്നാമത്തെ ടോപ്‌ സ്‌കോററായത്‌. 19.1 ഓവറില്‍ പാകിസ്‌താന്‍ ഓള്‍ഔട്ടായി.
ബാബര്‍ അസമും മുഹമ്മദ്‌ റിസ്‌വാനും ചേര്‍ന്നാണ്‌ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്‌. 14 പന്തില്‍ 14 റണ്ണെടുത്ത റിസ്‌വാനെ കന്നിക്കാരനായ പ്രമോദ്‌ മധുഷന്‍ വിക്കറ്റ്‌ കീപ്പര്‍ കുശല്‍ മെന്‍ഡിസിന്റെ കൈയിലെത്തിച്ചു. പാക്‌ സ്‌കോര്‍ 28 ല്‍ നില്‍ക്കേയാണ്‌ ആദ്യ വിക്കറ്റ്‌ വീണത്‌.
ബാബര്‍ അസമും ഫഖര്‍ സമാനും (13) ചേര്‍ന്ന രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ സ്‌കോര്‍ 50 കടത്തി. സമാനെ ചാമിക കരുണരത്‌നെ വാനിന്ദുവിന്റെ കൈയിലെത്തിച്ചു. ഇഫ്‌തിഖര്‍ അഹമ്മദും (17 പന്തില്‍ 13) കൂറ്റനടികള്‍ക്കു പോകാതെ ബാബറിനു പിന്തുണ നല്‍കി. പത്തോവര്‍ പിന്നിടുമ്പോള്‍ 66 റണ്ണാണു പാകിസ്‌താന്‍ നേടിയത്‌. ബാബര്‍ അസമിനെ വാനിന്ദു പുറത്താക്കിയതോടെ പാക്‌ ബാറ്റിങ്‌ ഉലഞ്ഞു.
ഇഫ്‌തിഖര്‍ അഹമ്മദിനെയും ആസിഫ്‌ അലിയെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി വാനിന്ദു ആഞ്ഞടിച്ചു. മൊഹമ്മദ്‌ നവാസിന്റെ പോരാട്ടം വാലറ്റത്തില്‍ പാകിസ്‌താന്‌ ആശ്വാസമായി. നവാസ്‌ 19-ാം ഓവറില്‍ റണ്ണൗട്ടായി. ഹസന്‍ അലി (0), ഉസ്‌മാന്‍ ഖാദിര്‍ (മൂന്ന്‌), ഹാരിസ്‌ റൗഫ്‌ (ഒന്ന്‌) എന്നിവര്‍ നിരാശപ്പെടുത്തി. സൂപ്പര്‍ ഫോറിലെ രണ്ടു മത്സരങ്ങള്‍ വീതം ജയിച്ച പാകിസ്‌താനും ശ്രീലങ്കയും ഫൈനല്‍ ഉറപ്പാക്കിയിരുന്നു. ഞായറാഴ്‌ച വൈകിട്ട്‌ 7.30 മുതലാണു ഫൈനല്‍.

LEAVE A REPLY

Please enter your comment!
Please enter your name here