അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്‌ബോളിലെ ഒരു റെക്കോഡ്‌ കൂടി സ്വന്തമാക്കി

0

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഫുട്‌ബോളിലെ ഒരു റെക്കോഡ്‌ കൂടി സ്വന്തമാക്കി. പെനാല്‍റ്റി ഗോളുകള്‍ അല്ലാതെ കരിയറില്‍ ഏറ്റവും കൂടതല്‍ ഗോളുകളെന്ന നേട്ടമാണു മെസി കുറിച്ചത്‌. 672 ഗോളുകളുമായാണു മെസിയുടെ മുന്നേറ്റം.
671 ഗോളുകള്‍ നേടിയ പോര്‍ചുഗീസ്‌ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണു മെസി പഴങ്കഥയാക്കിയത്‌. 980 മത്സരങ്ങളിലാണു മെസി 672 ഗോളുകളടിച്ചത്‌്. ക്രിസ്‌റ്റ്യാനോ 1130 കളികളിലാണ്‌ 671 ഗോളുകളടിച്ചത്‌. ക്രിസ്‌റ്റ്യാനോയെക്കാള്‍ മത്സരം കുറച്ചു കളിച്ചിട്ടും മെസി റെക്കോഡ്‌ തകര്‍ത്തു. ക്രിസ്‌റ്റ്യാനോ പോര്‍ചുഗലിനു വേണ്ടി 189 മത്സരങ്ങളും മെസി അര്‍ജന്റീനയ്‌ക്കു വേണ്ടി 162 മത്സരങ്ങളും കളിച്ചു.
ക്രിസ്‌റ്റ്യാനോ നാല്‌ ലോകകപ്പുകളിലും അഞ്ച്‌ യൂറോ കപ്പുകളിലും ഒരു നേഷന്‍സ്‌ ലീഗ്‌ ഫൈനലിലും ഒരു കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫൈനലിലും കളിച്ചു. മെസി നാല്‌ ലോകകപ്പുകളിലും ആറ്‌ കോപാ അമേരിക്ക മത്സരങ്ങളിലും അര്‍ജന്റീനയ്‌ക്കു വേണ്ടി കളിച്ചു. ആകെ ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്‌റ്റ്യാനോയാണു മുന്നില്‍. 941 കളികളിലായി 699 ഗോളുകളടിച്ചു. മെസി ആകെ 822 കളികളിലായി 688 ഗോളുകളടിച്ചു. ഫ്രഞ്ച്‌ ലീഗ്‌ വണ്‍ ക്ലബ്‌ ലിയോണിനെതിരേ ഗോളടിച്ചതോടെയാണു പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ താരമായ മെസി റെക്കോഡിലെത്തിയത്‌്.
മെസിയുടെ നേടിയ ഏക ഗോളിലാണു പി.എസ്‌.ജി. ജയിച്ചത്‌. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ്‌ ഗോള്‍ വീണത്‌. നെയ്‌മറുടെ പാസില്‍ നിന്നാണ്‌ മെസി ലക്ഷ്യം കണ്ടത്‌. പ്രതിരോധതാരങ്ങളെ മറികടന്ന്‌ മെസി നടത്തിയ മുന്നേറ്റം തന്നെയാണു ഗോളായത്‌. പന്തുമായി മുന്നേറിയ മെസി, നെയ്‌മര്‍ക്ക്‌ പാസ്‌ നല്‍കി. ലിയോണ്‍ താരങ്ങള്‍ വട്ടം കൂടിയതോടെ നെയ്‌മര്‍ പന്ത്‌ തിരിച്ച്‌ മെസിക്കു കൈമാറി. കിട്ടിയ അവസരം വിനിയോഗിച്ച മെസി അനായാസം പന്ത്‌ വലയിലാക്കി.
ഈ സീസണില്‍ നെയ്‌മര്‍ മെസിക്കും നെയ്‌മര്‍ക്കും അഞ്ച്‌ വീതം അസിസ്‌റ്റുകള്‍ നല്‍കി. ജയത്തോടെ എട്ട്‌ മത്സരങ്ങളില്‍നിന്ന്‌ ഏഴ്‌ ജയങ്ങളടക്കം 22 പോയിന്റുമായി പി.എസ്‌.ജി പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടര്‍ന്നു. ഒളിമ്പിക്‌ ലിയോണ്‍ 13 പോയന്റുമായി ആറാം സ്‌ഥാനത്താണ്‌. ടീമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്‌.

Leave a Reply