ചടയമംഗലത്ത്‌ യുവ അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിനെ ചടയമംഗലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0

ചടയമംഗലത്ത്‌ യുവ അഭിഭാഷക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിനെ ചടയമംഗലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കണ്ണന്‍നായരാണ്‌ (27) അറസ്‌റ്റിലായത്‌. ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ്‌ അഭിഭാഷക ആത്മഹത്യ ചെയ്‌തതെന്നാണു പോലീസിന്റെ കണ്ടെത്തല്‍. അനുഭവിച്ചിരുന്ന പീഡനങ്ങളെക്കുറിച്ചും ജീവന്‍ നഷ്‌ടപ്പെടുകയാണെങ്കില്‍ ഭര്‍ത്താവായിരിക്കും ഉത്തരവാദിയെന്നും അഭിഭാഷക ഡയറിക്കുറിപ്പുകളില്‍ എഴുതിയിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താനെ(25) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ഐശ്വര്യയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്‌ അറസ്‌റ്റ്‌.
ക്രൂരപീഡനമാണ്‌ ഐശ്വര്യ നേരിട്ടതെന്ന്‌ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍നിന്നു വ്യക്‌തമാണെന്ന്‌ പോലീസ്‌ പറഞ്ഞു. നിസാര കാര്യങ്ങള്‍ക്കുപോലും ഉപദ്രവിക്കുമെന്നും ഡയറിക്കുറിപ്പിലുണ്ട്‌. മൂന്നു വര്‍ഷമായി കൊടിയ പീഡനമായിരുന്നു. ചായയ്‌ക്കു കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ്‌ എറിഞ്ഞുപൊട്ടിക്കുകയും ഐശ്വര്യയെ മര്‍ദിക്കുകയും ചെയ്‌തിരുന്നെന്ന്‌ അമ്മയും ആരോപിച്ചിരുന്നു.
അറസ്‌റ്റിലായ കണ്ണന്‍നായരെ ചോദ്യം ചെയ്‌തുവരികയാണ്‌. ആത്മഹത്യാ പ്രേരണക്കുറ്റമാണ്‌ ഇയാള്‍ക്കെതിരേ ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്‌. ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക്‌ സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കും.
ഡിവൈ.എസ്‌.പി: ജി.ഡി. വിജയന്‍, ചടയമംഗലം എസ്‌.എച്ച്‌.ഒ. ബിജു, എസ്‌.ഐമാരായ മോനിഷ്‌, പ്രിയ, രാജേഷ്‌, സി.പി.ഒമാരായ സനില്‍, ജംഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here