ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും

0

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. മൊഹാലിയില്‍ വൈകിട്ട്‌ 7.30 മുതലാണു മത്സരം. സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.
ട്വന്റി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന പരമ്പരയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്‌. രണ്ടാം ട്വന്റി20 23 നു നാഗ്‌പൂരിലും അവസാന മത്സരം 25 നു ഹൈദരാബാദിലും നടക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 23 തവണയാണു ട്വന്റി20യില്‍ ഏറ്റുമുട്ടിയത്‌. 13 ജയങ്ങള്‍ കുറിച്ച ഇന്ത്യക്കു മുന്‍തൂക്കമുണ്ട്‌. ഓസീസ്‌ ഒന്‍പത്‌ മത്സരങ്ങള്‍ ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു.
ഏഷ്യാ കപ്പിന്റെ ഫൈനലില്‍ കടക്കാത്ത നിരാശയിലാണ്‌ ടീം ഇന്ത്യ. സൂപ്പര്‍ ഫോറില്‍ പാകിസ്‌താനോടും ശ്രീലങ്കയോടും അവര്‍ തോറ്റു.
പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ ഐ.എസ്‌. ബിന്ദ്ര സ്‌റ്റേഡിയത്തില്‍ മത്സരത്തിന്‌ അനുകൂലമായ കാലാവസ്‌ഥയാണ്‌. ബാറ്റിങ്ങിന്‌ അനുകൂലമായ പിച്ചാണെങ്കിലും പേസര്‍മാരുടെയും ഭാഗ്യ ഗ്രൗണ്ടാണ്‌. അനുകൂല കാലാവസ്‌ഥയില്‍ ടോസ്‌ നേടുന്നവര്‍ പിന്തുടര്‍ന്നു ജയിക്കാന്‍ ശ്രമിച്ചേക്കാം. ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 178 റണ്ണാണ്‌. 60 ശതമാനമാണ്‌ ഇവിടെ പിന്തുടര്‍ന്നു ജയിച്ചതിന്റെ ശരാശരി.
കോവിഡ്‌-19 വൈറസ്‌ ബാധ സ്‌ഥിരീകരിച്ച പേസര്‍ മുഹമ്മദ്‌ ഷമി പുറത്തായ ക്ഷീണത്തിലാണ്‌ ടീം ഇന്ത്യ. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവാണു ശ്രദ്ധാ കേന്ദ്രം. ട്വന്റി20 യിലെ 28 കളികളിലായി 811 റണ്ണെടുക്കാന്‍ താരത്തിനായി. പേസര്‍ ഭുവനേശ്വര്‍ കുമാറും ട്വന്റി20 യില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാണ്‌. 77 കളികളിലായി 84 വിക്കറ്റുകളാണു ഭുവി സ്വന്തമാക്കിയത്‌.
ഓസീസിന്റെ ആരോണ്‍ ഫിഞ്ചാണു ശ്രദ്ധാ കേന്ദ്രം. 92 ട്വന്റി20 മത്സരങ്ങളിലായി 2855 റണ്ണെടുത്തു. 68 റണ്ണും 44 വിക്കറ്റുകളുമായി നില്‍ക്കുന്ന പാറ്റ്‌ കുമ്മിന്‍സും ഇന്ത്യക്കു ഭീഷണിയാണ്‌.
പല റെക്കോഡുകളും ഇന്ത്യ-ഓസീസ്‌ പരമ്പരയ്‌ക്കായി കാത്തിരിക്കുന്നുണ്ട്‌. അതില്‍ പ്രധാനപ്പെട്ടത്‌ രോഹിത്‌ ശര്‍മയും വിരാട്‌ കോഹ്ലിയും എത്തിപ്പിടിക്കാന്‍ നോക്കുന്ന റെക്കോഡാണ്‌. രാജ്യാന്തര ട്വന്റി20 യിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമന്‍ എന്ന റെക്കോഡിലേക്കാണ്‌ ഇരുവരും ഉറ്റുനോക്കുന്നത്‌. രോഹിത്‌ 3620 റണ്ണുമായി ഒന്നാം സ്‌ഥാനത്താണ്‌. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ അര്‍ധ സെഞ്ചുറിയടിച്ചെങ്കിലും മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനായില്ല.
രണ്ടാം സ്‌ഥാനത്തുള്ള വിരാട്‌ കോഹ്ലിയുടെ നേട്ടം 3584 റണ്ണാണ്‌. മൂന്ന്‌ വര്‍ഷത്തോളമായി മോശം ഫോമിലായിരുന്ന കോഹ്ലി രണ്ട്‌ അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമായി തിരിച്ചുവന്നു. 136 കളികളില്‍നിന്നു 31.75 റണ്‍ ശരാശരിയും 140.64 സ്‌ട്രൈക്ക റേറ്റും രോഹിത്തിനു സ്വന്തമാണ്‌. അതില്‍ നാല്‌ സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറികളുണ്ട്‌. 323 ഫോറും 171 സിക്‌സറുമാണ്‌ അദ്ദേഹം പറത്തിയത്‌. കോഹ്ലി 104 കളികളില്‍നിന്ന്‌ 51.94 ശരാശരിയില്‍ 3584 റണ്ണാണു നേടിയത്‌. ഒരു സെഞ്ചുറിയും 32 അര്‍ധ സെഞ്ചുറിയും നേടിയ കോഹ്ലിക്ക്‌ 138.38 സ്‌ട്രൈക്കറേറ്റാണ്‌. 319 ഫോറും 104 സിക്‌സറും അദ്ദേഹം പറത്തി. റണ്‍ വേട്ടക്കാരില്‍ മൂന്നാം സ്‌ഥാനത്ത്‌ ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലാണ്‌. 3497 റണ്ണാണു ഗുപ്‌റ്റിലിന്റെ പേരിലുള്ളത്‌. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രോഹിത്തിനെക്കാള്‍ മുന്‍തൂക്കം കോഹ്ലിക്കാണ്‌. ഓസ്‌ട്രേലിയക്കെതിരേ 19 മത്സരത്തില്‍നിന്ന്‌ 59.83 ശരാശരിയില്‍ 718 റണ്ണാണ്‌ കോഹ്ലി കുറിച്ചത്‌. സ്‌ട്രൈക്ക്‌ റേറ്റ്‌ 146.23 ആണ്‌.
ടീം ഇന്ത്യ: രോഹിത്‌ ശര്‍മ (നായകന്‍), ലോകേഷ്‌ രാഹുല്‍, ആര്‍. അശ്വിന്‍, ജസ്‌പ്രീത്‌ ബുംറ, യുസ്‌വേന്ദ്ര ചാഹാല്‍, ദീപക്‌ ചാഹാര്‍, ദീപക്‌ ഹൂഡ, ദിനേശ്‌ കാര്‍ത്തിക്ക്‌, വിരാട്‌ കോഹ്ലി, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക്‌ പാണ്ഡ്യ, ഋഷഭ്‌ പന്ത്‌, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ്‌ യാദവ്‌, സൂര്യകുമാര്‍ യാദവ്‌.
ടീം ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്‌ (നായകന്‍), പാറ്റ്‌ കുമ്മിന്‍സ്‌, സീന്‍ ആബട്ട്‌, ആഷ്‌ടണ്‍ ആഗര്‍, ടിം ഡേവിഡ്‌, നതാന്‍ എലിസ്‌, കാമറൂണ്‍ ഗ്രീന്‍, ജോഷ്‌ ഹാസില്‍വുഡ്‌, ജോഷ്‌ ഇന്‍ഗ്ലിസ്‌, ഗ്ലെന്‍ മാക്‌സ്വെല്‍, കെയ്‌ന്‍ റിച്ചാഡ്‌സണ്‍, ഡാനിയേല്‍ സാംസ്‌, സ്‌റ്റീവ്‌ സ്‌മിത്ത്‌, മാത്യു വേഡ്‌, ആഡം സാംപ.

LEAVE A REPLY

Please enter your comment!
Please enter your name here