പൊതുനിക്ഷേപങ്ങൾ തട്ടിയെടുത്തെന്ന കുറ്റം ചുമത്തി ചൈനീസ് ശതകോടീശ്വരന് 13 വർഷം തടവുശിക്ഷ വിധിച്ച് ഷാങ്ഹായ് കോടതി

0

ബെയ്ജിങ്: പൊതുനിക്ഷേപങ്ങൾ തട്ടിയെടുത്തെന്ന കുറ്റം ചുമത്തി ചൈനീസ് ശതകോടീശ്വരന് 13 വർഷം തടവുശിനിയമവിരുദ്ധമായിക്ഷ വിധിച്ച് ഷാങ്ഹായ് കോടതി. അഞ്ചു വർഷം മുൻപ് ഹോങ്കോങ്ങിൽനിന്നു കാണാതായ ചൈനയിലെ ശതകോടീശ്വരന്മാരിൽ ഒരാളും രാഷ്ട്രീയ നേതാക്കളുടെ ധനവിനിയോഗകാര്യ വിദഗ്ധനുമായ ഷിയാവോ ജിയാൻഹ്വയ്ക്കാണ് തടവുശിക്ഷ വിധച്ചത്. ഷിയാവോയുടെ ദുരൂഹത ഉയർത്തിയ തിരോധാനത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി

ചൈനയിലെ ഷാങ്ഹായ് കോടതിയാണ് കേസ് പരിഗണിച്ചത്. ഷിയാവോയുടെ ഉടമസ്ഥതയിലുള്ള ടുമോറോ ഹോൾഡിങ്‌സ് എന്ന കമ്പനിക്ക് 810 കോടി ഡോളർ (ഏകദേശം 63,000 കോടി രൂപ) പിഴയും വിധിച്ചു. ചൈനയിലെ റെക്കോർഡ് പിഴത്തുകയാണിത്. 600 കോടി ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ഷിയാവോയുടെ ആസ്തി.

ഷിയാവോയ്ക്ക് കോടതി 9.5 ലക്ഷം ഡോളർ പിഴയും (ഏകദേശം 7.5 കോടി രൂപ) ചുമത്തിയിട്ടുണ്ട്. ചൈനയിലെ ശതകോടീശ്വരന്മാരിൽ ഒരാളായ ഷിയാവോയ്ക്ക് കനേഡിയൻ പൗരത്വവുമുണ്ട്. എന്നാൽ കോടതി നടപടികളിൽ പങ്കു ചേരാൻ അനുവദിക്കണമെന്ന കാനഡയുടെ ആവശ്യം ചൈന തള്ളുകയായിരുന്നു.

ഷിയാവോയ്ക്ക് ചൈനീസ് പൗരത്വവും ഉള്ളതിനാൽ കാനഡയുമായുള്ള നയതന്ത്ര കരാർ പ്രകാരം പ്രതിയെ കാണാൻ അനുവദിക്കാനാകില്ലെന്നായിരുന്നു ചൈനീസ് നിലപാട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബലരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷിയാവോ.

നിയമവിരുദ്ധമായി പൊതുനിക്ഷേപങ്ങൾ തട്ടിയെടുക്കുക, വിശ്വസിച്ച് ഏൽപ്പിച്ച വസ്തുവകകളുടെ ഉപയോഗത്തിൽ വഞ്ചന കാട്ടുക, ഫണ്ട് വകമാറ്റി ഉപയോഗിക്കുക, കൈക്കൂലി വാങ്ങുക എന്നീ കുറ്റങ്ങളാണ് ഷാങ്ഹായ് ഫസ്റ്റ് ഇന്റർമീഡിയറ്റ് കോടതി ചുമത്തിയത്. ഷിയാവോയും ടുമോറോ ഹോൾഡിങ്സും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു ദോഷമുണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.

ഷിയാവോ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധമായി സമ്പാദിച്ചതു തിരിച്ചുനൽകുന്നതിനും നഷ്ടം നികത്താനും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു. അതിനാലാണ് ശിക്ഷ കുറച്ചുനൽകിയതെന്നും കോടതി വ്യക്തമാക്കി.

രാജ്യത്തെ പല ഉന്നത സ്ഥാനങ്ങളിലുമുള്ള പ്രമുഖരുടെ സാമ്പത്തിക സഹായിയായാണ് ഷിയാവോ അറിയപ്പെട്ടത്. ‘അധികാര വർഗത്തിന്റെ ബാങ്കർ’ എന്നാണ് ന്യൂയോർക്ക് ടൈംസ് ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ബാങ്കിങ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, കൽക്കരി വിപണനം, സിമന്റ് നിർമ്മാണം, ധാതുക്കൾ എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപ കമ്പനിയാണ് ടുമോറോ ഗ്രൂപ്പ്. അതിന്റെ സ്ഥാപകനാണ് ഷിയാവോ.

2017 ജനുവരി 27നാണ് ഹോങ്കോങ്ങിലെ ഒരു ഹോട്ടലിൽനിന്ന് ഷിയാവോയെ കാണാതാകുന്നത്. പിന്നീട് അടുത്ത കാലം വരെ ഷിയാവോയെ ആരും കണ്ടിട്ടില്ല. കാണാതാകുമ്പോൾ 600 കോടി യുഎസ് ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഹോങ്കോങ്ങിലെ പ്രശസ്തമായ ഫോർ സീസൺസ് ഹോട്ടലിൽനിന്ന് ഒരു വീൽ ചെയറിൽ തല തുണികൊണ്ടു മറച്ച് ഷിയാവോയെ കൊണ്ടു പോകുന്നത് ഹോട്ടലിലെ സെക്യൂരിറ്റി ക്യാമറകളിൽ പതിഞ്ഞിരുന്നു. എന്നാൽ പിന്നീട് അഞ്ച് വർഷത്തോളം യാതൊരു വിവരവുമില്ല. അതിനിടെ ഷിയാവോയുടെ ഉടമസ്ഥതയിലുള്ള ഒൻപത് കമ്പനികളുടെ പ്രവർത്തനം 2020ൽ ചൈന മരവിപ്പിച്ചു. 100 കോടി ഡോളർ കമ്പനികൾക്കു പിഴ ചുമത്തുകയും ചെയ്തു.

Leave a Reply