ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍

0

ദക്ഷിണ കന്നഡ ജില്ലയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. ഇവരില്‍ ഒരാള്‍ക്ക്‌ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന്‌ ദക്ഷിണ കന്നഡ എസ്‌.പി. ഋഷികേശ്‌ ഭഗവാന്‍ സോനവാനെ.
സാവനൂര്‍ സ്വദേശി സക്കീര്‍(29), ബെല്ലാരി സ്വദേശി ഷഫീഖ്‌(28) എന്നിവരാണ്‌ പിടിയിലായത്‌. ഇതില്‍ സാക്കിറിന്‌ സക്കീറിന്‌ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായി ബന്ധമുണ്ടെന്ന്‌ എ.ഡി.ജി.പി. അലോക്‌ കുമാറും പറഞ്ഞു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട്‌ അംഗമാണെന്നതിന്‌ തെളിവില്ല. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സക്കീര്‍ പങ്കെടുത്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇതുകൂടാതെ 2020-ല്‍ ബെല്ലാരി പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ആക്രമണക്കേസിലും സക്കീറിന്റെ പേര്‌ ഉള്‍പ്പെട്ടിട്ടുണ്ട്‌. സക്കീറിന്റെ പോപ്പുലര്‍ ഫ്രണ്ട്‌ ബന്ധം സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും എ.ഡി.ജി.പി. വ്യക്‌തമാക്കി.
സക്കീറും ഷഫീഖും ഉള്‍പ്പെടെ ഇരുപതിലേറെപ്പേരെ കേസില്‍ ചോദ്യംചെയ്‌തു കഴിഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കായി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.
പോപ്പുലര്‍ ഫ്രണ്ടും എസ്‌.ഡി.പി.ഐയുമാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഇതോടെ പ്രതികള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കര്‍ണാടക പോലീസിന്റെ രണ്ടു സംഘങ്ങളാണു കേരളത്തില്‍ അന്വേഷണം നടത്തുന്നത്‌. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ കേരളത്തിലണെന്നാണ്‌ പോലീസിന്റെ സംശയം.
അതേസമയം, ജൂലൈ 19 ന്‌ ചിത്രകാരന്‍ മസൂദിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ്‌ പ്രവീണിനെ ആക്രമിച്ചതെന്ന സാധ്യതയും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
എട്ടംഗ സംഘം മസൂദിനെ മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ രണ്ടു ദിവസത്തിനു ശേഷം മസൂദ്‌ മരിച്ചു. കേസില്‍ മസൂദിന്റെ അയല്‍വാസി ഉള്‍പ്പെടെ എട്ടു പ്രതികളെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവര്‍ ഹിന്ദു അനുകൂല സംഘടനയുമായി ബന്ധമുള്ളവരാണെന്ന്‌ പോലീസ്‌ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ്‌ ബെല്ലാരിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്‌. കോഴിക്കട അടച്ചശേഷം വീട്ടിലേക്കു പോയ പ്രവീണിലെ ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. തീരദേശ മേഖലയിലുള്‍പ്പെടെ പോലീസ്‌ കനത്ത ജാഗ്രതയിലാണ്‌.

Leave a Reply