വർഗീയ ശക്തികളെ നേരിടാൻ വേണ്ടിവന്നാൽ കർണാടകത്തിൽ യോഗി ആദിത്യനാഥ് മോഡൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ

0

ബെംഗളൂരു: വർഗീയ ശക്തികളെ നേരിടാൻ വേണ്ടിവന്നാൽ കർണാടകത്തിൽ യോഗി ആദിത്യനാഥ് മോഡൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ. സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉത്തർപ്രദേശിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കർണാടകത്തിലെ സാഹചര്യവുമായി ഇടപെടാനും വിവിധ രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാൽ യോഗി ആദിത്യനാഥ് മോഡൽ ഭരണം കർണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.
സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ബൊമ്മെൈ സർക്കാർ പരാജയപ്പെട്ടെന്ന് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപി-സംഘപരിവാർ പ്രവർത്തകർ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് യോഗി മോഡൽ ഭരണം നിലവിൽ വരണമെന്ന ഇവരുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്തർപ്രദേശിൽ നടക്കുന്ന ‘ദേശവിരുദ്ധ’ പ്രവർത്തനങ്ങൾ പ്രതിരോധിക്കാൻ യോഗി സർക്കാർ സ്വീകരിച്ച ബുൾഡോസർ നടപടി പോലെയുള്ള ശക്തമായ നടപടികളെയാണ് യോഗി മോഡൽ സൂചിപ്പിക്കുന്നത്. കർണാടകത്തിൽ സമാനമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഒരുവിഭാഗം ബിജെപി പ്രവർത്തകരുടെ ആവശ്യം. സോഷ്യൽ മീഡിയ പോസ്റ്റുകളിലടക്കം ഈ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യയിൽ യുവമോർച്ച പ്രവർത്തകൻ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം പാർട്ടിക്കുള്ളിൽ തന്നെ കലാപസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുവ പ്രവർത്തകരിൽ പലരും രാജി പ്രഖ്യാപിച്ചു. പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ നേതൃത്വത്തിനും സംസ്ഥാനം ഭരിക്കുന്ന സർക്കാരിനും കഴിയില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

സംസ്ഥാനത്തെമ്പാടും യുവമോർച്ച പ്രവർത്തകർ വലിയ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ പലതും സംഘർഷാവസ്ഥയിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here