വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പര 3-0 ത്തിനു സ്വന്തമാക്കിയ ഇന്ത്യ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ മൂന്നാം സ്‌ഥാനം നിലനിര്‍ത്തി

0

വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പര 3-0 ത്തിനു സ്വന്തമാക്കിയ ഇന്ത്യ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ മൂന്നാം സ്‌ഥാനം നിലനിര്‍ത്തി.
രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി തുടങ്ങിയ മുന്‍നിര താരങ്ങളില്ലാതെയാണു ശിഖര്‍ ധവാനും സംഘവും വെസ്‌റ്റിന്‍ഡീസ്‌ പര്യടനം തുടങ്ങിയത്‌. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 119 റണ്ണിനു ജയിച്ചതോടെ ഇന്ത്യ മൂന്നാം സ്‌ഥാനം നിലനിര്‍ത്തി. വിന്‍ഡീസ്‌ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ മാര്‍ജിന്‍ ജയമാണിത്‌. 110 റേറ്റിങ്‌ പോയിന്റ്‌ നേടിയ അവര്‍ പിന്നാലെയുള്ള പാകിസ്‌താനെക്കാള്‍ നാല്‌ പോയിന്റ മുന്നിലാണ്‌. 128 റേറ്റിങ്‌ പോയിന്റുമായി ന്യൂസിലന്‍ഡ്‌ ഒന്നാംസ്‌ഥാനത്തും 119 റേറ്റിങ്‌ പോയിന്റുമായി ഇംഗ്ലണ്ട്‌ രണ്ടാമതുമാണ്‌. വിന്‍ഡീസിനെതിരേ നടന്ന മൂന്നാം ഏകദിനത്തില്‍ മഴ രണ്ടു തവണ രസംകൊല്ലിയായി. മഴമൂലം ആദ്യം 40 ഓവറായും പിന്നീട്‌ 35 ഓവറായും മത്സരം വെട്ടിച്ചുരുക്കി.
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 36 ഓവറില്‍ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 225 റണ്‍ നേടി. വിന്‍ഡീസിന്റെ മറുപടി 26 ഓവറില്‍ 137 റണ്ണില്‍ അവസാനിച്ചു. വിന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ 12-ാം ഏകദിന പരമ്പര നേട്ടമാണിത്‌. വിന്‍ഡീസ്‌ ഏകദിനത്തില്‍ തുടര്‍ച്ചയായ ഒന്‍പതാം തവണയാണു തോല്‍ക്കുന്നത്‌. ഓപ്പണര്‍ ശുഭ്‌മന്‍ ഗില്ലിന്റെ (98 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം പുറത്താകാതെ 98) ബാറ്റിങ്ങാണ്‌ ഇന്ത്യക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്‌.
മഴമൂലം വെട്ടിച്ചുരുക്കിയതു കൊണ്ടാണു ഗില്ലിന്‌ ഏകദിനത്തിലെ കന്നി സെഞ്ചുറി നഷ്‌ടമായത്‌. നായകന്‍ കൂടിയായ ഓപ്പണര്‍ ശിഖര്‍ ധവാനും (74 പന്തില്‍ 58) ഗില്ലും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ 113 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ്‌ അയ്യരും (34 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 44) അവസരത്തിനൊത്തുയര്‍ന്നു.
സൂര്യകുമാര്‍ യാദവ്‌ ആറു പന്തില്‍ എട്ടു റണ്ണുമായി നിരാശപ്പെടുത്തി. സഞ്‌ജു സാംസണ്‍ (ഏഴ്‌ പന്തില്‍ ആറ്‌) പുറത്താകാതെനിന്നു. ധവാന്‍ പുറത്തായശേഷം രണ്ടാം വിക്കറ്റില്‍ ശ്രേയസ്‌ അയ്യര്‍ക്കൊപ്പം 10 ഓവറില്‍ 86 റണ്ണിന്റെ കൂട്ടുകെട്ട്‌ തീര്‍ക്കാനും ഗില്ലിനായി. 42 റണ്‍ വീതം നേടിയ ബ്രണ്ടന്‍ കിങ്‌ (37 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം) നായകന്‍ നികോളാസ്‌ പൂരാന്‍ (32 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം) എന്നിവരാണു ടോപ്‌ സ്‌കോറര്‍മാര്‍. ഓപ്പണര്‍ ഷായ്‌ ഹോപ്പ്‌ (33 പന്തില്‍ ഒരു സിക്‌സറടക്കം 22), ഹെയ്‌ഡന്‍ വാല്‍ഷ്‌ (എട്ട്‌ പന്തില്‍ 10) എന്നിവര്‍ മാത്രമാണു രണ്ടക്കത്തിലെത്തിയത്‌. കെയ്‌ല്‍ മായേഴ്‌സ്, ഷാംറ ബ്രൂക്‌സ്, കീമോ പോള്‍, ജെയ്‌ഡന്‍ സീല്‍സ്‌ എന്നിവര്‍ പൂജ്യത്തിനു പുറത്തായി. നാലു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹാലാണ്‌ ബൗളര്‍മാരില്‍ മികച്ചു നിന്നത്‌. മുഹമ്മദ്‌ സിറാജ്‌, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ കൃഷ്‌ണ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ശുഭ്‌മന്‍ ഗില്ലാണു മത്സരത്തിലെയും പരമ്പരയിലെയും താരം. ഗില്‍ ആകെ 205 റണ്ണെടുത്തു.

Leave a Reply