കുവൈത്തിൽ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചതായി റിപ്പോർട്ട്

0

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ 41 കൊലപാതകം രാജ്യത്ത് നടന്നു. കഴിഞ്ഞവർഷവും ഈവർഷം ഇതുവരെയുമുള്ള കണക്കാണിത്. കൊടുംകുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് അധികൃതർ ഗൗരവത്തിലെടുത്തിട്ടുണ്ട്. ചെറിയ പ്രശ്നങ്ങൾ ഉൾപ്പെടെ കഴിഞ്ഞവർഷം 3800 സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷവും ഇതേ അനുപാതത്തിൽ തുടരുന്നു. വർധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ പട്രോളിങ് ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ അൻവർ അൽ ബർജാസ് ഫീൽഡ് പട്രോളിങ് സംഘങ്ങൾക്ക് നിർദേശം നൽകിയത്. മയക്കുമരുന്ന് ഉപയോഗം അക്രമങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തുന്നു. 72 ശതമാനം കൊലപാതകങ്ങളിലും മറ്റു അക്രമപ്രവർത്തനങ്ങളിലും മയക്കുമരുന്നിന്റെ സ്വാധീനമുണ്ട്. മിക്ക പ്രശ്നങ്ങളിലും യുവാക്കളാണുള്ളത്.

കോവിഡ് കാലത്ത് കായിക വിനോദ പരിപാടികൾ കുറഞ്ഞത് യുവാക്കളെ ക്രിയാത്മക കാര്യങ്ങളിൽ വ്യാപൃതരാക്കുന്നതിൽനിന്ന് തടഞ്ഞു. പകരം കൈയടക്കിയ വിഡിയോ ഗെയിമുകൾ പലതും അക്രമവാസന വർധിപ്പിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു. അടുത്തിടെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പ്രവണതയുണ്ടെന്ന് അറ്റോണി ജനറൽ ബദർ അൽ ഹുസൈനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here