ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര ഇന്ത്യ സ്വന്തമാക്കി

0

ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര ഇന്ത്യ സ്വന്തമാക്കി (2-1). മൂന്നാമത്തെ നിർണായക മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 260 റണ്‍സ് ലക്ഷ്യം ഇന്ത്യ 42.1 ഓവറിൽ മറികടന്നു.

കന്നി ഏകദിന സെഞ്ചുറി നേടിയ ഋഷഭ് പന്തിന്‍റെയും (113 പന്തിൽ 125) ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യ (നാലു വിക്കറ്റ്, 55 പന്തിൽ 71) യുടെയും ബാറ്റിംഗാണ് ഇന്ത്യക്കു ജയമൊരുക്കിയത്. 72/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ 115 പന്തിൽ 133 റണ്‍സ് അടിച്ചുകൂട്ടിയ പന്ത്-പാണ്ഡ്യ കൂട്ടുകെട്ട് കരകയറ്റി. പാണ്ഡ്യ പുറത്തായശേഷം രവീന്ദ്ര ജഡേജ (7) ജയത്തിൽ പന്തിനു കൂട്ടുനിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറിൽ 259 റണ്‍സിന് ഓൾ ഔട്ടായി. 60 റണ്‍സെടുത്ത നായകൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 12 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ജോണി ബെയർസ്റ്റോ (0), ജോ റൂട്ട് (0) എന്നിവരെ നഷ്ടപ്പെട്ടു. ജേസണ്‍ റോയി (41) യും ബെൻ സ്റ്റോക്സും ചേർന്ന് ആതിഥേയരെ മുന്നോട്ടുനയിക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ഇരുവരെയും പുറത്താക്കി പാണ്ഡ്യ ഇന്ത്യയെ മത്സരത്തിലേക്കു തിരികെകൊണ്ടുവന്നു.

എന്നാൽ മധ്യനിര അവസരത്തിനൊത്തുയർന്നതോടെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തി. മോയിൻ അലി (34), ലിയാം ലിവിംഗ്സ്റ്റണ്‍ (27) ഡേവിഡ് വില്ലി (18), ക്രെയ്ഗ് ഓവർട്ടണ്‍ (32) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കുവേണ്ടി ഹാർദിക് പാണ്ഡ്യ ഏഴോവറിൽ മൂന്നു മെയ്ഡനടക്കം 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു. ചാഹൽ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here