ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും

0

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. ബംഗളുരുവില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം.
കോവിഡ്‌-19 വൈറസ്‌ മഹാമാരി മൂലം അടച്ചിട്ടിരുന്ന ചിന്നസ്വാമി സ്‌റ്റേഡിയം രണ്ടു വര്‍ഷത്തിനു ശേഷമാണ്‌ ഒരു ട്വന്റി20 മത്സരത്തിനു വേദിയാകുന്നത്‌. ഫ്‌ളാറ്റ്‌ പിച്ചും ദൂരം കുറഞ്ഞ ബൗണ്ടറികളും ചിന്നസ്വാമി സ്‌റ്റേഡിയത്തെ ബാറ്റര്‍മാരുടെ ഇഷ്‌ട വേദിയാക്കുന്നു. പക്ഷേ കാലാവസ്‌ഥ റിപ്പോര്‍ട്ട്‌ പ്രകാരം ബംഗളുരുവിലും പരിസരത്തും കനത്ത മഴയ്‌ക്കു സാധ്യതയേറെയാണ്‌. ബംഗളുരുവില്‍ ഇന്നലെ അവസാനിച്ച രഞ്‌ജി ട്രോഫി സെമി ഫൈനല്‍ മത്സരവും മഴ തടസപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രി വരെയും ചെറിയ തോതില്‍ മഴ പെയ്‌തിരുന്നു. ഇവിടുത്തെ ഒന്നാം ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 155 ആണ്‌. 2019 ലെ ഐ.പി.എല്‍. സീസണില്‍ ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 154 റണ്ണായിരുന്നു. 2019 ലാണ്‌ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ അവസാനം കളിച്ചത്‌. അന്ന്‌ ഇന്ത്യ മുന്നോട്ടുവച്ച 135 റണ്ണിന്റെ ലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ബാറ്റിങ്‌ റെക്കോഡ്‌ മികച്ചതല്ല. ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ കളിച്ച്‌ അനുഭവസമ്പത്തുള്ളവരാണ്‌ ഇവരിലേറെയും. അഞ്ച്‌ മത്സരത്തില്‍ രണ്ട്‌ തവണയാണ്‌ ഇന്ത്യക്കു ജയിക്കാനായത്‌. ഇന്നു രണ്ട്‌ ടീമിന്റെയും ബാറ്റിങ്‌ കരുത്ത്‌ പരീക്ഷിക്കപ്പെടും. പരമ്പര 2-2 എന്ന നിലയിലാണ്‌. അതുകൊണ്ട്‌ തന്നെ അവസാന മത്സരം ജയിക്കുന്ന ടീം പരമ്പര നേടും.
നാട്ടില്‍ പരമ്പര കൈവിടുന്നതു ഋഷഭ്‌ പന്തിനും സംഘത്തിനും ചിന്തിക്കാവുന്നതല്ല. ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ത്യയില്‍ പരമ്പര നേടനുള്ള സുവര്‍ണാവസരമാണ്‌.
ആദ്യ രണ്ട്‌ മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി. പിന്നീടുള്ള രണ്ട്‌ മത്സരങ്ങളില്‍ ഇന്ത്യ ശക്‌തമായി തിരിച്ചുവന്നു. നാലാമത്തെ മത്സരത്തില്‍ ഇന്ത്യ 82 റണ്ണിന്റെ തകര്‍പ്പന്‍ ജയമാണു കുറിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറിന്‌ 169 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്ണിന്‌ ഓള്‍ഔട്ടായി. ഇന്ത്യ ജയിച്ചതോടെ അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 2-2 നു തുല്യനിലയിലായി. നാല്‌ ഓവറില്‍ 18 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത പേസര്‍ ആവേശ്‌ ഖാനാണു ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്‌. ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍ രണ്ട്‌ വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.
ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ തെംബ ബാവുമ ബാറ്റ്‌ ചെയ്യുന്നതിനിടെ പരുക്കേറ്റ്‌ പുറത്തു പോയിരുന്നു. ട്വന്റി20 യിലെ കന്നി അര്‍ധ സെഞ്ചുറി നേടിയ ദിനേശ്‌ കാര്‍ത്തിക്കും (27 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 55) ഹാര്‍ദിക്‌ പാണ്ഡ്യയും (31 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 46) ചേര്‍ന്ന്‌ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചു. ആദ്യ രണ്ട്‌ മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം കാഴ്‌ചവച്ചതെങ്കിലും അവസാന രണ്ട്‌ മത്സരങ്ങളിലും നിരാശപ്പെടുത്തി. ബാറ്റിങ്‌ നിരയും ബൗളിങ്‌ നിരയും അവസരത്തിനൊത്ത്‌ ഉയര്‍ന്നില്ല. ബാറ്റ്‌ ചെയ്യുന്നതിനിടെ പരുക്കേറ്റ നായകന്‍ തെംബ ബാവുവ ഇന്നു കളിക്കുമെന്ന്‌ ഉറപ്പില്ല. റണ്ണൗട്ടില്‍നിന്നു രക്ഷപ്പെടാന്‍ ക്രീസിലേക്കു ഡൈവ്‌ ചെയ്യുന്നതിനിടെ ബാവുമയുടെ ഇടതു കൈമുട്ടിനു പരുക്കേറ്റിരുന്നു. തുടര്‍ന്നു ബാവുമ റിട്ടയേഡ്‌ ഹര്‍ട്ടായി. കാഗിസോ റബാഡ, വെയ്‌ന്‍ പാര്‍ണല്‍ എന്നീ പേസര്‍മാരും പരുക്കിന്റെ പിടിയിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here