അനധികൃതമായി സൂക്ഷിച്ച വിദേശമദ്യ ശേഖരവുമായി യുവതി അറസ്‌റ്റില്‍

0

അനധികൃതമായി സൂക്ഷിച്ച വിദേശമദ്യ ശേഖരവുമായി യുവതി അറസ്‌റ്റില്‍. മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ എസ്‌.എല്‍ പുരത്തിന്‌ പടിഞ്ഞാറ്‌ വശം വാടകയ്‌ക്ക്‌ താമസിക്കുന്ന എറണാകുളം മട്ടാഞ്ചേരി കുട്ടത്തിപ്പറമ്പ്‌ മുണ്ടംവേലി സജിത സെബാസ്‌റ്റ്യനാ(39)ണ്‌ പിടിയിലായത്‌.
150 കുപ്പി വിദേശമദ്യവും വാറ്റ്‌ ഉപകരണങ്ങളും 30 ലിറ്റര്‍ കോടയും ചന്ദനമുട്ടിയും ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്തു. ജില്ലാ പോലീസ്‌ മേധാവി ജി. ജയ്‌ദേവിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി: എം.കെ. ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്‌.പി ജയരാജിന്റെ നേതൃത്വത്തിലുള്ള മാരാരിക്കുളം എസ്‌.എച്ച്‌.ഒ രാജേഷും സംഘവുമാണ്‌ ഇവരെ പിടികുടിയത്‌.
ഇവരില്‍നിന്നും 142 ബോട്ടില്‍ ചെയര്‍മാന്‍ എന്ന്‌ പേരുള്ള അര ലിറ്ററിന്റെ വിദേശ മദ്യം, മാജിക്ക്‌ മൊമന്റിന്റെ എട്ട്‌ വലിയ ബോട്ടില്‍ എന്നിവയില്‍ ആകെ ഉണ്ടായിരുന്ന 77 ലിറ്റര്‍ വിദേശ മദ്യം, വാറ്റുപകരണങ്ങള്‍, 30 ലിറ്റര്‍ കോട, ചന്ദന മുട്ടി എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കഞ്ചാവ്‌ ചെടിയും ഹാന്‍സും ചന്ദനത്തടിയുമായി മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായ കലവൂര്‍ സ്വദേശി ദീപുവിന്റെ കാമുകിയാണ്‌ സജിത . സജിതയും ദീപവുമായി ചേര്‍ന്ന്‌ മാസങ്ങളായി മദ്യം-മയക്കുമരുന്ന്‌ കച്ചവടം നടത്തിവരികയായിരുന്നു.
രണ്ട്‌ വര്‍ഷമായി എറണാകുളത്തുള്ള ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്‌ ആലപ്പുഴയില്‍ പല ഭാഗത്തായി ദീപുവുമൊന്നിച്ച്‌ മാറി മാറി താമസിച്ച്‌ വരികയായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്ന പേരിലായിരുന്നു ഇവരുടെ വാസം. വിദേശമദ്യവും വാറ്റും ലഹരി പദാര്‍ഥങ്ങളും വിറ്റ്‌ ആഡംബര ജീവിതമാണ്‌ നയിച്ചിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇവര്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്‌തവരെ പറ്റിയും മറ്റ്‌ സഹായങ്ങള്‍ ചെയ്‌തവരെ പറ്റിയുമുള്ള വിവരങ്ങള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here