ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യയെ അതേ നാണയത്തിൽ തിരിച്ചടിച്ച് അയർലൻഡ് വിറപ്പിച്ചു

0

ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കൂറ്റൻ സ്കോറുയർത്തിയ ഇന്ത്യയെ അതേ നാണയത്തിൽ തിരിച്ചടിച്ച് അയർലൻഡ് വിറപ്പിച്ചു. രണ്ടാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത് 225 റൺസ് നേടിയ ഇന്ത്യ 4 റൺസിന്റെ തലനാരിഴ ജയത്തോടെ രക്ഷപ്പെട്ടു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 225. അയ‍ർലൻഡ് 20 ഓവറിൽ 5ന് 221. 2 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ (2–0)ന് സ്വന്തമാക്കി. ട്വന്റി20 ലോകകപ്പിനു മുൻപ് ‘പരീക്ഷണ’ ടീമുമായിറങ്ങിയ ഇന്ത്യയ്ക്ക് അപായ സൂചന നൽകിയാണ് ഇന്നലെ അയർലൻഡ് ബാറ്റർമാർ കളംവിട്ടത്. ആകെ 446 റൺസാണ് മത്സരത്തിൽ പിറന്നത്.

ദേശീയ ജഴ്സിയിൽ മികച്ച പ്രകടനത്തിനായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച സഞ്ജുവിന്റെയും (42 പന്തിൽ 77) അതിനെക്കാൾ പ്രഹരശേഷിയുള്ള സെഞ്ചറി കുറിച്ച ദീപക് ഹൂഡയുടെയും (57 പന്തിൽ 104) സൂപ്പർ ഇന്നിങ്സുകളുടെ കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 225 റൺസ് നേടിയത്.

ട്വന്റി20യിൽ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം ഹൂഡ സ്വന്തമാക്കിയപ്പോൾ ട്വന്റി20യിലെ മികച്ച ഇന്ത്യൻ ബാറ്റിങ് കൂട്ടുകെട്ട് ഹൂഡയുടെയും സഞ്ജുവിന്റെയും പേരിലായി; 176 റൺസ്. ഇരുവരും രാജ്യന്തര ട്വന്റി20യിൽ ആദ്യ അർധ സെഞ്ചറി നേടിയതും ഇന്നലെയാണ്. ഋതുരാജ് ഗെയ്ക്‌വാദിനെ പുറത്തിരുത്തിയതോടെ ഓപ്പണറായി അവസരം ലഭിച്ചിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ ഫോറടിച്ചാണ് തുടങ്ങിയത്.

അനായാസ ജയം മോഹിച്ചു ബോളിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കെതിരെ അയർലൻഡ് ഓപ്പണർമാർ തുടക്കം മുതൽ ആഞ്ഞടിച്ചു. ആദ്യ 5 ഓവറിൽ അവർ വിക്കറ്റു നഷ്ടമില്ലാതെ 72 റൺസെടുത്തു. ആറാം ഓവറിൽ രവി ബിഷ്ണോയ് പോൾ സ്റ്റെർലിങ്ങിനെ പുറത്താക്കി (40). തൊട്ടടുത്ത ഓവറിൽ ഹർഷൽ പട്ടേൽ ക്യാപ്റ്റൻ ആൻഡി ബാൽബിർനിയുടെ വിക്കറ്റെടുത്തു (60). എന്നിട്ടും അയർലൻഡ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ല.

അവസാന 5 ഓവറിൽ 62, 3 ഓവറിൽ 38 എന്നിങ്ങനെ അയർലൻഡ് വിജയലക്ഷ്യം ചുരുക്കി. 18–ാം ഓവറിൽ 7 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് കളിയുടെ ഗതി തിരിച്ചത്. ഉമ്രാൻ മാലിക്കെറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു വിജയലക്ഷ്യം. അയർലൻഡിന് നേടാനായത് 12 റൺസും. ഹൂഡയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here