സൗരയൂഥത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് 1977ല്‍ നാസ വിക്ഷേപിച്ച വോയേജര്‍ 1 പേടകം ഇന്നും യാത്ര തുടരുകയാണ്

0

സൗരയൂഥത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് 1977ല്‍ നാസ വിക്ഷേപിച്ച വോയേജര്‍ 1 പേടകം ഇന്നും യാത്ര തുടരുകയാണ്. ഭൂമിയില്‍ നിന്നും ഏതാണ്ട് 23.3 ബില്യണ്‍ കിലോമീറ്റര്‍ ദൂരത്തുള്ള വോയേജര്‍ 1 പേടകം ഇന്നും നാസയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും വിവരങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഭൂമിയുടെ ദിശയില്‍ നില്‍ക്കുന്ന വോയേജറിന്റെ ആറ്റിറ്റ്യൂഡ് ആൻഡ് ആർട്ടിക്കുലേഷൻ നിയന്ത്രണ സംവിധാനം (AACS) ആണ് ഇക്കാര്യത്തില്‍ സഹായിക്കുന്നത്. ഭൂമിയിലേക്കുള്ള ദിശയില്‍ അല്ലെങ്കില്‍ പോലും പലപ്പോഴും വിവരങ്ങള്‍ നാസക്ക് ലഭിക്കുന്നുവെന്നത് 1977 മുതല്‍ ഇന്നേവരെ ഉത്തരം കിട്ടാത്ത ദുരൂഹതയായി അവശേഷിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ വോയേജര്‍ 1 ഉള്ള പ്രദേശത്തു നിന്നും പ്രകാശം ഭൂമിയിലേക്കെത്താനായി ഏകദേശം 20 മണിക്കൂറും 33 മിനിറ്റും വേണം. ചുരുക്കത്തില്‍ നാസയില്‍ നിന്നും ഒരു നിര്‍ദേശം ലഭിച്ച് പ്രവര്‍ത്തികമാക്കാന്‍ വോയേജറിന് രണ്ട് ദിവസം ചുരുങ്ങിയത് വേണം. ഇതുവരെ വോയേജര്‍ 1ന്റെ എഎസിഎസിന് തകരാറുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സേഫ് മോഡിലേക്ക് മാറ്റേണ്ടി വരും. അപ്പോള്‍ ഏറ്റവും അത്യാവശ്യമായ പ്രവൃത്തികള്‍ മാത്രമാണ് വോയേജര്‍ 1ല്‍ നടക്കുക.

വോയേജര്‍ 1ല്‍ നിന്നുള്ള സിഗ്നലുകള്‍ ഇപ്പോഴും ശക്തമാണ്. പേടകത്തിലെ ആന്റിന ഭൂമിയുടെ ദിശയില്‍ തന്നെയാണ് എന്നതിന്റെ ഉറപ്പാണിത്. ആന്റിന ദിശമാറുമ്പോള്‍ പോലും വോയേജറില്‍ നിന്നുള്ള വിവരങ്ങള്‍ ഇടമുറിയാതെ ഭൂമിയിലെത്തുന്നു എന്നതിന്റെ കാരണമാണ് ദുരൂഹമായി തുടരുന്നത്. ഈ വിവരങ്ങള്‍ വോയേജറില്‍ നിന്നു തന്നെയാണോ അതോ വേറെന്തെങ്കിലും ഇതിനിടയില്‍ നില്‍ക്കുന്നുണ്ടോ എന്നതാണ് ശാസ്ത്രജ്ഞര്‍ അന്വേഷിക്കുന്നത്.

‘വോയേജര്‍ പേടകങ്ങള്‍ക്ക് 45 വയസായിട്ടുണ്ട്. അത് നമ്മള്‍ പ്രതീക്ഷിച്ചതിലും ഏറെ കൂടുതലാണ്. ഒരു മനുഷ്യ നിര്‍മിത പേടകവും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് ഇവയുടെ സഞ്ചാരം. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളികളാണ് ഇതിനെ ഭൂമിയിലിരുന്ന് നിയന്ത്രിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത്. എഎസിഎസിലോ മറ്റോ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ നമുക്ക് അത് പരിഹരിക്കാനായേക്കുമെന്നാണ് കലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ വോയേജര്‍ ദൗത്യങ്ങളുടെ പ്രോജക്ട് മാനേജരായ സൂസന്‍ ഡോഡ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2017ല്‍ ചെറു റോക്കറ്റ് കത്തിച്ചുകൊണ്ട് വോയേജറിന്റെ ദിശ നിയന്ത്രിക്കാന്‍ നാസക്ക് സാധിച്ചിരുന്നു. ഏതാണ്ട് 37 വര്‍ഷം ഉപയോഗിക്കാതിരുന്നതിനു ശേഷമാണ് ഇവ വിജയകരമായി പ്രവര്‍ത്തിച്ചത്.

വോയേജര്‍ 2 ബഹിരാകാശ പേടകം ഭൂമിയില്‍ നിന്നും ഏതാണ്ട് 19.5 ബില്യണ്‍ കിലോമീറ്റര്‍ അകലത്തിലാണ്. ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തിലുള്ള സൂര്യനുമായി ബന്ധമുള്ള ഗ്രഹമായ നെപ്റ്റിയൂണ്‍ ഏകദേശം 2.9 ബില്യണ്‍ കിലോമീറ്റര്‍ ദൂരത്തിലാണ്. നക്ഷത്രാന്തര പ്രപഞ്ചത്തിലേക്ക് യാത്ര ചെയ്യുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുകയെന്ന ദൗത്യം ഈ രണ്ട് പേടകങ്ങളും വിജയകരമായി തുടരുകയാണ്. അന്യഗ്രഹജീവനും പ്രപഞ്ച രഹസ്യങ്ങളും തേടാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതീകമാണ് ഈ രണ്ട് ദൗത്യങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here