ഗര്‍ഭഛിദ്ര അനുകൂലികളും ഗര്‍ഭഛിദ്ര വിരോധികളുമായ ആക്‌ടിവിസ്‌റ്റുകള്‍ തെരുവില്‍ നേര്‍ക്കുനേര്‍

0

വാഷിങ്‌ടണ്‍: ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത്‌ തിരുത്തി എഴുതാന്‍ സുപ്രീം കോടതിയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള ബെഞ്ച്‌ തീരുമാനിച്ചുവെന്ന വാര്‍ത്തയെത്തുടര്‍ന്ന്‌ ഗര്‍ഭഛിദ്ര അനുകൂലികളും ഗര്‍ഭഛിദ്ര വിരോധികളുമായ ആക്‌ടിവിസ്‌റ്റുകള്‍ തെരുവില്‍ നേര്‍ക്കുനേര്‍.
1973ലെ റോയ്‌ വേഴ്‌സസ്‌ വേഡ്‌ കേസിലെ വിധി സുപ്രീം കോടതി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു ചോര്‍ന്നുകിട്ടിയ കരട്‌ ചൂണ്ടിക്കാട്ടി പൊളിറ്റിക്കോ മാസികയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
അമേരിക്കന്‍ രാഷ്‌ട്രീയത്തെ കാലങ്ങളോളം നിയന്ത്രിച്ച വിഷയമാണു ഗര്‍ഭഛിദ്രം. അതുവീണ്ടും മുഖ്യധാരയിലേക്ക്‌ വരികയാണെന്നാണു പുതിയ നീക്കങ്ങള്‍ വ്യക്‌തമാക്കുന്നത്‌.
ഗര്‍ഭഛിദ്രം ആരോഗ്യസുരക്ഷയാണെന്നും “എന്റെ ശരീരം എന്റെ അവകാശം” എന്നുമുള്ള മുദ്രാവാക്യങ്ങളുമുയര്‍ത്തി നൂറുകണക്കിന്‌ ഗര്‍ഭഛിദ്ര അനുകൂലികള്‍ സുപ്രീം കോടതിക്കു മുന്നില്‍ പ്രകടനം നടത്തി. റോ വേഴ്‌സ്‌ വേഡ്‌ കേസിലെ വിധി നീക്കണമെന്ന ആവശ്യവുമായി ഗര്‍ഭഛിദ്ര വിരോധികളും കോടതിക്ക്‌ മുന്നില്‍ അണിനിരന്നു.
ഗര്‍ഭഛിദ്രം തടയുന്നതുമൂലമുണ്ടാകുന്ന കഷ്‌ടതകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി 1973ലെ റോയ്‌ വേഴ്‌സസ്‌ വേഡ്‌ കേസിലാണ്‌ ഗര്‍ഭകാലത്തിന്റെ ആദ്യത്രൈമാസ കാലയളവില്‍ ഗര്‍ഭഛിദ്രം വിലക്കിക്കൊണ്ട്‌ സംസ്‌ഥാനങ്ങള്‍ നിയമം കൊണ്ടുവരാന്‍ പാടില്ല എന്നു സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചത്‌. തുടര്‍ന്നുള്ള സുപ്രീം കോടതി വിധികളും ഗര്‍ഭഛിദ്രം തേടുന്നവരില്‍ അനാവശ്യമായ ഭാരം സൃഷ്‌ടിക്കാന്‍ പാടില്ല എന്നും നിഷ്‌കര്‍ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here