യുക്രൈനിലെ റഷ്യന്‍ സൈനികനീക്കത്തിന്റെ ദൈനംദിന നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത്‌ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്‍

0

മോസ്‌കോ: യുക്രൈനിലെ റഷ്യന്‍ സൈനികനീക്കത്തിന്റെ ദൈനംദിന നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത്‌ പ്രസിഡന്റ്‌ വ്‌ളാദിമിര്‍ പുടിന്‍. യുക്രൈന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ജന്മദേശമായ ക്രീവി റിഹ്‌ പിടിച്ചെടുക്കാന്‍ പുടിന്‍ സൈനികര്‍ക്ക്‌ ഉത്തരവ്‌ നല്‍കി. ഈമാസം ഒന്‍പതിനു റഷ്യ രണ്ടാംലോകയുദ്ധ വിജയദിനം ആഘോഷിക്കുന്നതിനു മുമ്പ്‌ യുക്രൈനില്‍ ചില നിര്‍ണായക വിജയങ്ങള്‍ നേടുകയാണു പുടിന്റെ ലക്ഷ്യം.രാജ്യഭരണച്ചുമതല പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‌റ്റിനു കൈമാറിയശേഷമാണു പ്രസിഡന്റ്‌ നേരിട്ട്‌ യുദ്ധത്തില്‍ പൂര്‍ണശ്രദ്ധ ചെലുത്തുന്നത്‌.
നിലവില്‍ യുക്രൈനിലെ കിഴക്കന്‍ ഡോണ്‍ബാസ്‌ മേഖല കേന്ദ്രീകരിച്ചാണു റഷ്യന്‍ ആക്രമണം. എന്നാല്‍, 10 ലക്ഷത്തോളം ജനസംഖ്യയുള്ള ക്രീവി റിഹ്‌ പിടിച്ചെടുക്കുക റഷ്യയ്‌ക്ക്‌ എളുപ്പമല്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
നേരത്തേതന്നെ റഷ്യന്‍ സൈന്യം ഇവിടെ കനത്ത ചെറുത്തുനില്‍പ്പ്‌ നേരിട്ടിരുന്നു. പത്താഴ്‌ചയോളം നീണ്ട പോരാട്ടത്തില്‍ ഇവിടെ കാല്‍ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു. റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു കീവിനു സമീപം അസോവ്‌സ്‌റ്റോള്‍ സ്‌റ്റീല്‍ പ്ലാന്റില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ പുറത്തെത്തിച്ചു. വയോധികരും കുട്ടികളുമടക്കമുള്ളവരെയാണു പുറത്തെത്തിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here