തൃക്കാക്കരയില്‍ കന്നിയങ്കത്തിനിറങ്ങുന്ന ഉമ തോമസ്‌, പി.ടി. തോമസിന്റെ രാഷ്‌ട്രീയവഴി പിന്തുടരുമെന്നു പ്രഖ്യാപിച്ച്‌ പ്രചാരണത്തിനു തുടക്കമിട്ടു

0

കൊച്ചി: തൃക്കാക്കരയില്‍ കന്നിയങ്കത്തിനിറങ്ങുന്ന ഉമ തോമസ്‌, പി.ടി. തോമസിന്റെ രാഷ്‌ട്രീയവഴി പിന്തുടരുമെന്നു പ്രഖ്യാപിച്ച്‌ പ്രചാരണത്തിനു തുടക്കമിട്ടു. ഹൈക്കമാന്‍ഡില്‍നിന്ന്‌ ഇന്നലെ വൈകിട്ട്‌ ഔദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം വന്ന നിമിഷം പാലാരിവട്ടത്തെ വസതിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കൊപ്പം ഉമ പ്രചാരണത്തിനിറങ്ങി. പി.ടി. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കുമെന്ന വാഗ്‌ദാനം നല്‍കിക്കൊണ്ടാണ്‌ ഉമ രംഗത്തിറങ്ങിയത്‌.
തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ എക്കാലവും പി.ടിക്കൊപ്പം സഞ്ചരിച്ച ഉമ വിദ്യാര്‍ഥി ജീവിതകാലത്ത്‌ കെ.എസ്‌.യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. 1982ല്‍ മഹാരാജാസ്‌ കോളജിലെ കെ.എസ്‌.യു. പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ച ഉമ, 84ല്‍ വൈസ്‌ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
അന്ന്‌ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായിരുന്ന പി.ടി. തോമസ്‌ പില്‍ക്കാലത്ത്‌ ജീവിതപങ്കാളിയായി. 1987 ജൂലൈയിലായിരുന്നു പി.ടി. ഉമയെ വിവാഹം ചെയ്‌തത്‌. ഇപ്പോള്‍ കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്‌റ്റന്റ്‌ മാനേജരാണ്‌ ഉമ. എം.എസ്‌.ഡബ്ല്യു. ബിരുദമുള്ള ഉമ സമ്പൂര്‍ണ രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസിലെ പിന്‍ഗാമി രാഷ്‌ട്രീയത്തില്‍ ഒരു മുഖം കൂടി തെളിയുകയാണ്‌.
അമ്പത്താറുകാരിയായ ഉമ കാല്‍നൂറ്റാണ്ടായി തൃക്കാക്കര മണ്ഡലം ഉള്‍പ്പെടുന്ന പാലാരിവട്ടത്താണ്‌ താമസം. തൊടുപുഴ അല്‍അസര്‍ ദന്തല്‍കോളജിലെ അസി.പ്രഫസര്‍ കൂടിയായ ഡോ. വിഷ്‌ണു തോമസ്‌, തൃശൂര്‍ ലോ കോളജ്‌ വിദ്യാര്‍ഥിയായ വിവേക്‌ തോമസ്‌ എന്നിവരാണ്‌ മക്കള്‍. ഡോ. ബിന്ദു അബി തമ്പാനാണ്‌ മരുമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here