യുക്രെയ്നിൽ വെടിനിർത്താൻ സമയമായിട്ടില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയോട് വെളിപ്പെടുത്തി

0

യുക്രെയ്നിൽ വെടിനിർത്താൻ സമയമായിട്ടില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയോട് വെളിപ്പെടുത്തി. ഇരുവരും ഫോണിൽ സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചതെന്ന് ദ്രാഗി പറഞ്ഞു.

ഇന്നു മുതൽ യൂറോപ്യൻ യൂണിയനുമായുള്ള എണ്ണഇടപാടിൽ റൂബിളിൽ വില നൽകണമെന്ന നിബന്ധനയിൽ നിന്നു പുട്ടിൻ പിന്നോട്ടുപോയതായും ദ്രാഗി അവകാശപ്പെട്ടു. എന്നാൽ, എണ്ണവില റൂബിളിൽ വേണമെന്ന ഉത്തരവിൽ താൻ ഒപ്പിട്ടതായി പുട്ടിൻ പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ ഏതെങ്കിലും റഷ്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങി വില റൂബിളിൽ നൽകണം. ഇതു പാലിക്കാത്ത രാജ്യങ്ങൾക്ക് ഇനി എണ്ണ നൽകില്ലെന്നും റഷ്യൻ ടിവിയിൽ നടത്തിയ പ്രസ്താവനയിൽ പുട്ടിൻ പറഞ്ഞു. പുട്ടിന്റെ ആവശ്യം യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ നിരാകരിച്ചിരുന്നു.

അതേസമയം, യുക്രെയ്ൻ–റഷ്യ ചർച്ചകളിൽ മാധ്യസ്ഥതയ്ക്കു പുറമേ യുക്രെയ്നു വേണ്ടി ജാമ്യം നിൽക്കാനും തയാറാണെന്നു തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ മറ്റു രാജ്യങ്ങളുടെ സുരക്ഷാ ഉറപ്പ് വേണമെന്നതായിരുന്നു യുക്രെയ്ന്റെ ആവശ്യങ്ങളിലൊന്ന്. ഇരുരാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന നാറ്റോ അംഗം കൂടിയായ തുർക്കി ഇതിനുള്ള സന്നദ്ധതയാണ് അറിയിച്ചത്. റഷ്യൻ ധനാഢ്യൻ റോമൻ അബ്രമോവിച്ച് യുദ്ധം അവസാനിപ്പിക്കുന്നതിനായി ആത്മാർഥമായി പ്രവർത്തിക്കുകയാണെന്നും എർദോഗൻ പറഞ്ഞു. അബ്രമോവിച്ച് ചർച്ചയിൽ പങ്കെടുത്തത് റഷ്യൻ പ്രതിനിധിയായാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്നിലെ പ്രതിരോധ വ്യവസായം ഏറെക്കുറെ പൂർണമായി റഷ്യ തകർത്തതായി പ്രസിഡന്റിന്റെ ഉപദേശകൻ ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു. കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുകയാണെന്ന പ്രചാരണം തെറ്റാണെന്ന് നാറ്റോ അറിയിച്ചു. സൈന്യത്തെ പുനർവിന്യസിക്കുന്ന റഷ്യ ആക്രമണം തുടരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗ് പറഞ്ഞു.

മൈക്കൊലെയ്‌വിൽ 20 മരണം

ദക്ഷിണ യുക്രെയ്‌നിലെ മൈക്കൊലെയ്‌വ് നഗരത്തിൽ പ്രാദേശിക ഭരണ ആസ്ഥാനത്തിനു നേർക്കുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. 19 മൃതദേഹങ്ങൾ കണ്ടെടുത്തു. ആക്രമണത്തിൽ തകർന്ന മരിയുപോൾ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ 45 ബസുകൾ കൂടി അയച്ചു. നേരത്തെ മരിയുപോളിൽ നിന്ന് 3 ലക്ഷത്തിലേറെപ്പേരെ റഷ്യയിലേക്ക് കടത്തിക്കൊണ്ടുപോയതായി യുക്രെയ്ൻ ആരോപിച്ചിരുന്നു. കരിങ്കടൽ വഴി മരിയുപോളിലേക്കു ഭക്ഷണവും മരുന്നും എത്തിക്കുമെന്ന് റെഡ് ക്രോസ് അറിയിച്ചിട്ടുണ്ട്.

ചെർണോബിൽ ഒഴിഞ്ഞ് റഷ്യൻ സൈന്യം

ചെർണോബിൽ ആണവനിലയത്തിൽനിന്നു റഷ്യൻ സൈനികർ ഒഴിഞ്ഞുപോയതായി യുക്രെയ്ൻ അറിയിച്ചു. ആണവവികിരണം മൂലം അവശരായ സൈനികർ ബെലാറൂസ് അതിർത്തിയിലെ സൈനിക ആശുപത്രിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യ നടത്തിയ ആക്രണത്തിലാണ് നിലയത്തിലെ വികിരണ തോത് അളക്കുന്ന സംവിധാനം തകരാറിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here