ഇന്ധന, പാചകവാതക വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു

0

ന്യൂഡൽഹി ∙ ഇന്ധന, പാചകവാതക വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ 9 തവണ ഇന്ധന വില വർധിപ്പിച്ചെന്നും നിർധനരും മധ്യവർഗക്കാരും ദുരിതത്തിലാണെന്നും വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

‘വിലക്കയറ്റ മുക്ത ഭാരതം’ എന്ന പേരിലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ പാചകവാതക സിലിണ്ടറുകളിൽ മാലയണിയിച്ചും പാത്രങ്ങളിൽ കൊട്ടിയും പ്രതിഷേധിച്ചു. നാളെ മുതൽ 4 വരെ ജില്ലാ ആസ്ഥാനങ്ങളിലും ഏഴിന് സംസ്ഥാന തലസ്ഥാനങ്ങളിലും മാർച്ചും ധർണയും നടത്തും.

വിലക്കയറ്റത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നിവർ ലോക്സഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയത്തിനു സ്പീക്കർ ഓം ബിർല അനുമതി നിഷേധിച്ചു. പിന്നാലെ ചോദ്യോത്തര വേള ബഹിഷ്കരിച്ച് കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ, നാഷനൽ കോൺഫറൻസ്, സിപിഎം, സിപിഐ, മുസ്‍ലിം ലീഗ്, ശിവസേന, എൻസിപി, ജെഎംഎം, എംഡിഎംകെ, വിസികെ എന്നീ കക്ഷികളിലെ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കേന്ദ്ര ബജറ്റിൽ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ വിഹിതം കുറച്ചതിനെ ലോക്സഭയിൽ സോണിയ ഗാന്ധി വിമർശിച്ചു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് സോണിയയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആരോപിച്ചു. ബജറ്റ് വിഹിതത്തിൽ 35% കുറവുണ്ടായതായി സോണിയ പറഞ്ഞു.

പണിയെടുത്താൻ 15 ദിവസത്തിനകം കൂലി കൊടുക്കാൻ സംവിധാനമുണ്ടാക്കണം. കാലതാമസമുണ്ടായാൽ അതിനു നഷ്ടപരിഹാരവും നൽകണമെന്ന് സോണിയ പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്താണ് പദ്ധതിയിൽ ഏറ്റവുമധികം അഴിമതിയുണ്ടായിരുന്നതെന്ന് അനുരാഗ് ഠാക്കൂർ തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here