ആന്റമാനെക്കുറിച്ച് ഈ അഞ്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

0

ആന്റമാന്‍ നികോബാര്‍ ദ്വീപുകളിലേക്കുള്ള യാത്ര പലരുടേയും സ്വപ്‌നമാണ്. ദ്വീപിന്റെ മനോഹാരിതയും നിഗൂഢതയും ഒരുപോലെ സഞ്ചാരികളെ ഭ്രമിപ്പിക്കാറുണ്ട്. ആന്റമാനിലേക്ക് പോകാന്‍ തയാറെടുക്കുന്നവരും ഭാവിയിലെങ്കിലും ഇത്തരമൊരു പദ്ധതി ആലോചിക്കുന്നവരുമായി നിരവധി പേരുണ്ടാകും. എന്നാല്‍ പലര്‍ക്കും ആന്റമാന്‍ നികോബാര്‍ ദ്വീപുകളെക്കുറിച്ച് കാര്യമായ ധാരണയില്ല. യാത്ര പുറപ്പെടും മുന്‍പ് ആന്റമാനെക്കുറിച്ച് ഈ അഞ്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

ഇന്ത്യയില്‍ ഇപ്പോഴുള്ള ഏക സജീവ അഗ്നി പര്‍വതം ആന്റമാനിലാണ്

അഗ്നിപര്‍വതങ്ങളെക്കുറിച്ച് പൊതുവേ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമാകും പലരും എന്തെങ്കിലുമൊക്കെ മനസിലാക്കിയിട്ടുണ്ടാകുക. നമ്മുടെ രാജ്യത്ത് ഒരു സജീവ അഗ്നിപര്‍വതമുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയുന്നുണ്ടാകില്ല. ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വതം ആന്റമാനിലെ ബാരന്‍ ദ്വീപ് മാത്രമാണ്. പോര്‍ട്ട് ബ്ലയറില്‍ നിന്നും 135 കിലോമീറ്റര്‍ അകലെയാണ് ബാരന്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്.

നോര്‍ത്ത് സെന്റിനെല്‍ ദ്വീപിലേക്ക് പ്രവേശിക്കാന്‍ സഞ്ചാരികള്‍ക്ക് അനുവാദമില്ല

ഒരു പ്രത്യേക ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. അവിടേക്ക് സഞ്ചാരികള്‍ പ്രവേശിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ശക്തമായി വിലക്കിയിട്ടുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഈ മനുഷ്യര്‍ ടൂറിസ്റ്റുകളുമായി ഇടപെട്ടാലുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വിലക്ക്. വിലക്ക് അവഗണിച്ച് ഈ ദ്വീപിലെത്തിയ ഭൂരിഭാഗം പേരും മരണപ്പെട്ടിട്ടുണ്ട്.

Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

സഞ്ചാരികള്‍ക്ക് ഭൂരിഭാഗം ദ്വീപുകളിലേക്കും പ്രവേശനമില്ല

572 ദ്വീപുകളുള്ള ആന്റമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ വളരെക്കുറച്ച് ദ്വീപുകളില്‍ മാത്രമേ ആള്‍ത്താമസമുള്ളൂ. 37 ദ്വീപുകളില്‍ മാത്രമാണ് മനുഷ്യരുടെ സാന്നിധ്യമുള്ളത്. ഇതില്‍ത്തന്നെ 23-23 ദ്വീപുകളില്‍ മാത്രമേ ടൂറിസ്റ്റുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കൂ. ഇതില്‍ പല ദ്വീപുകളിലും എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്. എത്തിപ്പെട്ടാല്‍ തന്നെയും ദ്വീപിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റുകള്‍ ആവശ്യമാണ്.

ദ്വീപില്‍ നിന്ന് പവിഴപ്പുറ്റുകള്‍ ശേഖരിക്കാന്‍ അനുവാദമില്ല

ദ്വീപുകളില്‍ നിന്നും അപൂര്‍വമായ പവിഴപ്പുറ്റുകള്‍ ശേഖരിക്കാനോ കൊണ്ടുപോകാനോ അനുവാദമില്ല. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പവിഴപ്പുറ്റുകളില്‍ കാല്‍ വെയ്ക്കാനോ അവ തകര്‍ക്കാനോ പാടുള്ളതുമല്ല.

ആന്റമാന്‍ ഭീമന്‍ കടലാമകളുടെ തീരം കൂടിയാണ്

ഭീമന്‍ കടലാമകളുടെ സാന്നിധ്യമാണ് ആന്റമാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സുപ്രധാന കാര്യം. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള കടലാമകളേയും പച്ച കടലാമകളേയും ആന്റമാന്‍ ദ്വീപുകളില്‍ നിന്ന് കാണാനാകും.

Leave a Reply