തോക്കെടുത്തു കളിച്ച മൂന്നു വയസുകാരന്‍റെ വെടിയേറ്റ് അമ്മ മരിച്ചു

0

വാഷിംഗ്ടൺ: മൂന്നു വയസുള്ള കുഞ്ഞ് തോക്ക് എടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡോട്ടണിലെ ഒരു സൂപ്പർമാർക്കറ്റിന്‍റെ പാർക്കിംഗ് ഏരിയയിലായിരുന്നു ദുരന്തം.

കാറിന്‍റെ പിൻ ഭാഗത്തു കുട്ടികൾക്കായുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. മാതാപിതാക്കൾ മുൻ വശത്തെ സീറ്റുകളിലുമായിരുന്നു. ഇതിനിടയിൽ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ കുട്ടിയുടെ കൈവശം കാറിൽ സൂക്ഷിച്ചിരുന്ന പിതാവിന്‍റെ പിസ്റ്റൾ ലഭിക്കുകയായിരുന്നു.

പിസ്റ്റൾ കൈയിൽ കിട്ടിയതോടെ പിന്നെ അതുകൊണ്ടായി കുട്ടിയുടെ കളി. ഇടയ്ക്ക് കുഞ്ഞ് തോക്കിന്‍റെ ട്രിഗർ വലിച്ചു. ഉടൻ തോക്കിൽനിന്നു വെടിപൊട്ടി. മുൻവശത്ത് ഇരിക്കുകയായിരുന്ന അമ്മ ദേജ ബെന്നറ്റി(22)ന്‍റെ കഴുത്തിന്‍റെ പിൻഭാഗത്താണ് വെടിയേറ്റത്.

യുവതിയെ ഉടൻതന്നെ ഷിക്കാഗോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോക്ക് കൈകാര്യം ചെയ്തതിലെ അശ്രദ്ധയും മറ്റും കണക്കിലെടുത്തു പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ കൈവശം മാതാപിതാക്കളുടെ തോക്ക് അബദ്ധത്തിൽ എത്തുന്നതും അതു വലിയ ദുരന്തത്തിൽ കലാശിക്കുന്നതുമായ നിരവധി സംഭവങ്ങൾ അമേരിക്കയിൽ ഉണ്ടാകാറുണ്ട്. എവരിടൗൺ ഫോർ ഗണ്ണിന്‍റെ റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ പക്കൽ കിടക്കകളിലോ മേശപ്പുറങ്ങളിലോ ബാത്ത് റൂമിലോ ഒക്കെ മാതാപിതാക്കൾ അലക്ഷ്യമായി വയ്ക്കുന്ന തോക്കുകൾ എത്താറുണ്ട്.

അതു ചിലപ്പോഴൊക്കെ വലിയ ദുരന്തങ്ങളായി മാറാറുമുണ്ട്. തോക്കുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചു പ്രചാരണം നടത്തുന്ന സംഘടനയാണിത്. പ്രായപൂർത്തിയാകാത്തവരുടെ മനപ്പൂർവമല്ലാത്ത വെടിവയ്ക്കലുകൾ മൂലം വർഷം 350 പേർ അമേരിക്കയിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. അമേരിക്കയിൽ ആത്മഹത്യകൾ അടക്കം തോക്ക് ഒരു വർഷം നാൽപതിനായിരം പേരുടെ ജീവൻ അപഹരിക്കുന്നതായിട്ടാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here