പെരുമ്പാവൂർ വാർത്തകൾ

0

മാലിന്യം നിറഞ്ഞ് പെരുമ്പാവൂർ

പെരുമ്പാവൂർ : നഗരത്തിൽ പലേടത്തും മാലിന്യം കുന്നുകൂടുന്നത് ദുർഗന്ധം രൂക്ഷമാക്കുകയും പകർച്ചവ്യാധിഭീതിയും ഉയർത്തുകയാണ്‌. എല്ലാക്കാലത്തും നഗരസഭ നേരിടുന്ന പ്രതിസന്ധിയാണ് മാലിന്യസംസ്കരണമെന്ന വിഷയം. ശാശ്വതമായ നടപടികളുണ്ടാകാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയാണ്. നഗരത്തിലെ മുക്കും മൂലകളും മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്.

പെരുമ്പാവൂർ വാർത്തകൾ 1

കാൽനടയാത്രപോലും ദുസ്സഹമായവിധമാണ് കാര്യങ്ങൾ. ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന പ്രദേശമായതിനാൽ പകർച്ചവ്യാധിഭീഷണിയുമുണ്ട്. കൊതുക്‌ പെറ്റുപെരുകി ജനജീവിതം ദുസ്സഹമായെന്ന് നഗരവാസികൾ പറയുന്നു. തിരക്കേറിയ യാത്രിനിവാസ്, മുനിസിപ്പൽ മാൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്‌ പരിസരം എന്നിവിടങ്ങളിൽ ശുചീകരണം കാര്യക്ഷമമല്ല.

മുൻ ഭരണസമിതികൾ താത്‌കാലികമായെങ്കിലും മാലിന്യനിക്ഷേപത്തിനുള്ള സ്ഥലം കണ്ടെത്തിയിരുന്നു. ഇത്തവണ അതുണ്ടായിട്ടില്ല. മാലിന്യനീക്കത്തിനുള്ള നടപടികൾ എത്രയുംവേഗം നടപ്പാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ് പറഞ്ഞു. 

തോട്ടുങ്കൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പാതിവഴിയിൽ നിലച്ചതായി പരാതി

പെരുമ്പാവൂർ : നഗരത്തിൽ ഭാരവാഹനങ്ങൾ തിരിച്ചുവിടുന്ന തോട്ടുങ്കൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പാതിവഴിയിൽ നിലച്ചതായി പരാതി. അറ്റകുറ്റപ്പണികളുടെ പേരിൽ ഒരാഴ്ചയോളമായി റോഡ് അടച്ചിരിക്കുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു.

പെരുമ്പാവൂർ വാർത്തകൾ 2

ജലഅതോറിറ്റിയുടെ വിതരണക്കുഴലുകൾ പൊട്ടി കുഴിയുണ്ടായ ഭാഗങ്ങളിൽ ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനായി നഗരസഭ അഞ്ച് ലക്ഷം രൂപയുടെ പണികളാണ് ഏൽപ്പിച്ചിരുന്നത്. ഇതോടൊപ്പം പുളിനാട്ട് റോഡിലേയ്ക്കുള്ള ചെറിയ ബൈപ്പാസ് റോഡിൽ ഐറിഷ് പണികൾ ചെയ്യുകയും വേണം. കഴിഞ്ഞ ഏപ്രിലിൽ ജലവിതരണക്കുഴൽ പൊട്ടി കുഴിയുണ്ടായ കുറച്ചു ഭാഗത്ത് മാത്രമാണ് പണികൾ ചെയ്തതെന്നാണ് ആരോപണം.

ജി.എസ്.ടി. ഓഫീസിന് മുന്നിൽ താഴ്ന്നുകിടക്കുന്ന ഭാഗം ഉയർത്തി ടൈൽ വിരിക്കുന്ന പണികൾ ചെയ്തിട്ടില്ല. ടെൻഡറിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഭാഗത്തെ ജോലികൾ ചെയ്യാൻ കരാറുകാരൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. ടെൻഡറിൽ പറഞ്ഞിട്ടുള്ളതു പ്രകാരം എത്രയുംവേഗം അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് സാന്ത്വനം റസി. അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു. എം.സി. റോഡിൽ നിന്നും കോതമംഗലം ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾക്ക് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകാനുള്ള പ്രധാന വൺവേ ആണ് തോട്ടുങ്കൽ റോഡ്. കെ.എസ്.ആർ.ടി.സി. ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതും ഇതുവഴിയാണ്. 

നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

പെരുമ്പാവൂർ : കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയനിൽ 42-ാമത് നിക്ഷേപ സമാഹരണം ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 90 കോടി രൂപയാണ് താലൂക്കിലെ ലക്ഷ്യം. പി.പി. അവറാച്ചന്റെ അധ്യക്ഷതയിൽ പി.എസ്. സുബ്രഹ്മണ്യൻ, അസി. രജിസ്ട്രാർ കെ. ഹേമ, അസി. ഡയറക്ടർ സി.പി. രമ, എം.ഐ. ബീരാസ്, ത്യാഗരാജൻ, ടി.ടി. വിജയൻ, ചാക്കോ പി. മാണി, ബിജു തോമസ്, മോഹനൻ, ഷാജി സരിഗ, വിജയ ചന്ദ്രൻ, സി.സി. രവി, ജോഷി തോമസ് എന്നിവർ പങ്കെടുത്തു. 

പരിസ്ഥിതി സംരക്ഷണ കർമസമിതി ധർണ

പെരുമ്പാവൂർ : അനധികൃത മണ്ണെടുപ്പിനും പാടം നികത്തലിനുമെതിരേ പരിസ്ഥിതി സംരക്ഷണ കർമസമിതി കുന്നത്തുനാട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.

നികത്തിയെടുത്ത വയൽപ്രദേശങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

വർഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ മേത്തർ, ശിവൻ കദളി, എം.കെ. ശശിധരൻ പിള്ള, ടി.എ. വർഗീസ്, കെ.വി. മത്തായി, വി. രവീന്ദ്രൻ, മത്തായി പുളിക്കൽ എന്നിവർ പങ്കെടുത്തു. 

സാമൂഹ്യക്ഷേമ പെൻഷൻ തട്ടിപ്പ്; വിജിലൻസിന് പരാതി

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിൽ അപേക്ഷ സ്വീകരിക്കാതെ അനർഹർക്ക് പെൻഷൻ അനുവദിച്ച വിഷയത്തിൽ ബന്ധപ്പെട്ടവർക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

പഞ്ചായത്ത് സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചർ ദുരുപയോഗം ചെയ്ത് പഞ്ചായത്ത് കമ്മിറ്റി ചേരാത്ത തീയതിയിൽ വ്യാജ രേഖ ഉണ്ടാക്കിയാണ് പെൻഷൻ അനുവദിച്ചത്. അർഹരായ ജനങ്ങൾക്ക് പെൻഷൻ ഇല്ലാതാക്കാനുള്ള യു.ഡി.എഫിന്റെ തന്ത്രം അനുവദിക്കാനാവില്ലെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറി ബേസിൽ കുര്യാക്കോസ് പറഞ്ഞു. ക്ഷേമ പെൻഷനിൽ പോലും തട്ടിപ്പുനടത്തിയ ഭരണസമിതി രാജിവെയ്ക്കണമെന്ന് എം.പി. സുരേഷ്, എ.എം. സുബൈർ, കെ.ഇ. കുഞ്ഞുമുഹമ്മദ്, അബ്ദുൾ ജലാൽ, ബിബിൻഷാ യൂസഫ് എന്നിവർ ആവശ്യപ്പെട്ടു. 

മലങ്കര മൂപ്പനായി  സഭയെ ഭരിച്ചിരുന്ന പകലോമറ്റം ശാഖയിലെ മാർത്തോമ ഏഴാമൻ മലങ്കര മെത്രാപ്പോലീത്തയുടെ കബറിടവും തിരുശേഷിപ്പുകളും കണ്ടെത്തി

കോലഞ്ചേരി : മലങ്കര മൂപ്പനായി മലങ്കര സഭയെ ഭരിച്ചിരുന്ന പകലോമറ്റം ശാഖയിലെ മാർത്തോമ ഏഴാമൻ മലങ്കര മെത്രാപ്പോലീത്തയുടെ കബറിടവും തിരുശേഷിപ്പുകളും കണ്ടെത്തി. കോലഞ്ചേരി സെയ്‌ൻറ് പീറ്റേഴ്സ് ആൻഡ്‌ സെയ്‌ൻറ് പോൾസ് പള്ളിയങ്കണത്തിൽ ഇത് കണ്ടെത്തിയതായി വികാരി ജേക്കബ് കുര്യൻ പറഞ്ഞു. ഇവിടെനിന്നു ലഭിച്ച പരിശുദ്ധന്റെ അസ്ഥികൾ കണ്ടെടുത്ത സ്ഥലത്തു തന്നെ കബർ നിർമിച്ച് അടക്കം ചെയ്യും. കബറിനോടനുബന്ധിച്ച് ഒരു കബർമുറി കൂടി നിർമിക്കുമെന്നും വികാരി അറിയിച്ചു.

പെരുമ്പാവൂർ വാർത്തകൾ 3

1653 ജനുവരിയിലെ കൂനൻകുരിശ്‌ സത്യത്തിനു ശേഷം 1808-1809 കാലത്ത് മലങ്കര സഭാ മേലധ്യക്ഷനായിരുന്നു ഏഴാം മാർത്തോമ. പാലായ്ക്ക് സമീപം കുറിച്ചിത്താനം എന്ന സ്ഥലത്ത് പകലോമറ്റം പള്ളി വടക്കേടത്ത് കുടുംബത്തിലാണ് ജനനം. വളരെ ചെറുപ്പത്തിലേ ശെമ്മാശനും വൈദികനുമായ മാത്തൻ കത്തനാർ ചെങ്ങന്നൂർ പള്ളിയിൽ 1794-ൽ റമ്പാനായി, 1796-ൽ മാർത്തോമ ഏഴാമൻ എന്ന പേരിൽ മെത്രാനായി. 1809 ജൂലായ് 4-ന് കണ്ടനാട് പള്ളിയിൽ െവച്ച് കാലം ചെയ്തു. കാലക്രമത്തിൽ ഇദ്ദേഹം വിസ്മൃതിയിൽ ആണ്ടുപോയെങ്കിലും മുറിമറ്റത്തിൽ ബാവ രചിച്ച മലങ്കരയിലെ ഒന്നാം കാതോലിക്ക എന്ന പുസ്തകത്തിൽ കോലഞ്ചേരി പള്ളിയിലെ വടക്കുവശത്തെ തണ്ടികയിലാണ് അടക്കിയിരിക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നു. കോലഞ്ചേരി പള്ളിയുടെ മുറ്റത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ മണ്ണു മാറ്റിയപ്പോഴാണ് ഏഴാം മാർത്തോമയുടെ വെട്ടുകല്ലിൽ നിർമിച്ച കല്ലറയും തിരുശേഷിപ്പും കണ്ടെത്തിയത്. പിന്നീട് അവശിഷ്ടങ്ങൾ അവിടെത്തന്നെ പ്രാർഥന നടത്തി സ്ഥാപിച്ചു. കബറിന്റെ നിർമാണ പ്രവർത്തനങ്ങളും തുടങ്ങി 

പെരുമ്പാവൂർ റോഡിൽ തങ്കളം റാഡോപ്പടിക്ക്‌ സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളി


കോതമംഗലം : പെരുമ്പാവൂർ റോഡിൽ തങ്കളം റാഡോപ്പടിക്ക്‌ സമീപം വീണ്ടും കക്കൂസ് മാലിന്യം തള്ളി. റോഡരികിലെ കാനയിലാണ് രാത്രിയുടെ മറവിൽ ഒരുലോഡ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

പ്രദേശവാസികൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടും പ്രയോജനമില്ല. സമാന സംഭവം വനമേഖലയിലും പെരിയാറിലും മറ്റ് ജലസ്രോതസ്സുകളിലും ഉണ്ടാകാറുണ്ട്.

പഞ്ചായത്തിലും ആരോഗ്യവകുപ്പിനും പോലീസിനും പരാതി നൽകിയിട്ടും മാലിന്യംതള്ളിയവരെ കണ്ടെത്തി നടപടിയെടുക്കാത്തതാണ് സംഭവം ആവർത്തിക്കുന്നത്. 

ബൈബിൾ സ്‌കൂൾ മധ്യമേഖലാ അധ്യാപക പരിശീലന ക്ലാസ് പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ. കേന്ദ്ര ആസ്ഥാനത്ത് നടത്തി

മലങ്കര യാക്കോബായ സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ മധ്യമേഖലാ അധ്യാപക പരിശീലന ക്ലാസ് പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ. കേന്ദ്ര ആസ്ഥാനത്ത് നടത്തി.

പ്രസിഡന്റ് ഡോ. മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത ജെ.എസ്.വി.ബി.എസ്. ഉദ്ഘാടനവും പരിഷ്‌കരിച്ച മൂന്നാം വർഷ പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. ജനറൽ സെക്രട്ടറി എം.ജെ. മർക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ എൽദോ ഐസക്, കോര സി. കുന്നുംപുറം, റോയി തോമസ്, ഫാ. വർഗീസ് തമ്പി, ഫാ. ജെയിംസ് കുര്യൻ, ജോയി പി. ജോർജ്, ഡോ. ബെന്നി വർഗീസ്, ടി.സി. ഏലിയാസ്, എ.വി. തങ്കച്ചൻ, കെ.പി. പൗലോസ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി, കോട്ടയം, കൊച്ചി, തൃശ്ശൂർ, കണ്ടനാട്, അങ്കമാലി ഭദ്രാസനങ്ങളിൽ നിന്നും അധ്യാപകർ പരിശീലനത്തിനെത്തി. 

കാറിന്റെ ചില്ല് തകർത്തതായി പരാതി

പെരുമ്പാവൂർ : വീട്ടുമുറ്റത്തുകിടന്ന കാറിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചതായി പരാതി. കിഴക്കേ ഐമുറി പെട്ടമല പുളിക്കപ്പറമ്പിൽ സന്തോഷിന്റെ കാറിന്റെ പിൻഭാഗത്തെ ചില്ലാണ് കഴിഞ്ഞദിവസം രാത്രി കല്ലെറിഞ്ഞ് പൊട്ടിച്ചത്. കോടനാട് പോലീസിൽ പരാതി നൽകി. 

കെ-റെയിൽ വിരുദ്ധ സമരസമിതി തിരുവാണിയൂരിൽ എത്തുന്നതിന് മുന്നോടിയായി പ്രതിഷേധസമരം നടത്തി

കോലഞ്ചേരി : കാസർകോടുനിന്നും തുടങ്ങിയ കെ-റെയിൽ വിരുദ്ധ സമരസമിതി തിരുവാണിയൂരിൽ എത്തുന്നതിന് മുന്നോടിയായി പ്രതിഷേധസമരം നടത്തി. സമരസമിതി ചെയർമാൻ വിജു പാലാലിന്റെ അധ്യക്ഷതയിൽ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ കെ. ബാബു എം.എൽ.എ. സമരം ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ വാർത്തകൾ 4

വി.പി. സജീന്ദ്രൻ, പി.ആർ. മുരളീധരൻ, ബിജു തോമസ്, ലിസി അലക്സ്, ഫാ. വിജു എലിയാസ്, വിനയൻ വാത്യാത്ത്, ഓമന നന്ദകുമാർ, ബിജു വി. ജോൺ, വി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു. കെ-റെയിൽ വിരുദ്ധ തെരുവുനാടകവും പാട്ട് സദസ്സും നടന്നു. കെ-റെയിൽ വിരുദ്ധ ജനകീയസമിതി സംസ്ഥാന പ്രസിഡന്റ് ബാബുരാജും വൈസ് പ്രസിഡൻറ് രാജീവനും നയിക്കുന്ന ജാഥയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. 

പടഹാദി കൊടിയേറ്റ് നടന്നു

ആലുവ : ആലുവ മണപ്പുറം മഹാദേവക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് പടഹാദി കൊടിയേറ്റ് നടന്നു.

ഞായറാഴ്ച രാത്രി ഏഴുമണിക്ക് കോലാട്ടം, തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് തിരുവാതിര, എട്ടുമണിക്ക് ഭക്തിഗാനാർച്ചന എന്നിവ നടക്കും.

ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് മേജർസെറ്റ് കഥകളി, ബുധനാഴ്ച ഏഴുമണിക്ക് ഗോകുലസന്ധ്യ എന്നിവയും ഉണ്ടാകും. 

മഴുവന്നൂരിൽ കരയോഗത്തിന്റെ നവീകരിച്ച ഓഡിറ്റോറിയം ഇന്ന് തുറക്കും

കോലഞ്ചേരി : തെക്കേ മഴുവന്നൂർ 2548-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നവീകരിച്ച ഓഡിറ്റോറിയം ഞായറാഴ്ച തുറക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ശ്രീശകുമാർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ഇ.പി. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ കരയോഗം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകനും, വനിതാസമാജം ഓഫീസ് മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജുവും ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂവ്വാറ്റുപുഴ ഹരിരാഗം ഓർക്കസ്ട്രയുടെ ഗാനമേളയും നടക്കും. 

വടക്കേ എഴിപ്രം ഭഗവതീ ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന്  കൊടിയേറി

പെരുമ്പാവൂർ : വാഴക്കുളം, വടക്കേ എഴിപ്രം ഭഗവതീ ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് തന്ത്രി പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് കൊടിയേറ്റി.

പെരുമ്പാവൂർ വാർത്തകൾ 5

ഞായറാഴ്ച രാവിലെ 11-ന് ഉത്സവബലി ദർശനം, വൈകീട്ട് 7.30-ന് കല്ലൂർ രാമൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തായമ്പക, 10-ന് കുഞ്ചാട്ടുകര റഷീദ്, കൃഷ്ണനുണ്ണി എന്നിവരുടെ മാജിക് ഷോ, 14-ന് വൈകീട്ട് കുറിച്ചിത്താനം ജയകുമാറിന്റെ ഓട്ടൻതുള്ളൽ, 10-ന് ആലുവ സരിഗയുടെ ഭക്തിഗാനമേള, 15-ന് രാവിലെ 10-നും വൈകീട്ട് ഏഴിനും ഓട്ടൻതുള്ളൽ, 10-ന് മധു മഞ്ഞപ്പെട്ടി അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്, 16-ന് രാവിലെ 10-ന് മാസ്റ്റർ അനന്തകൃഷ്ണന്റെ ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് അഞ്ച് ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം, ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ പഞ്ചവാദ്യം, പാണ്ടിമേളം, 7.30-ന് തായമ്പക, 9.30-ന് അഗസ്ത്യ ഡാൻസ് കമ്പനിയുടെ മെഗാഷോ, 12.30-ന് വലിയപൂരം എഴുന്നള്ളിപ്പ്, വലിയ കാണിക്ക.

17-ന് രാവിലെ ഒൻപതിന് ഇളങ്കാവിൽ വലിയഗുരുതി, 18-ന് രാവിലെ എട്ടിന് മംഗല്യദർശനം, 9.30-ന് ആറാട്ടിനെഴുന്നള്ളിപ്പ്, ഒരുമണിക്ക് ആറാട്ടുസദ്യ. 

വാർഷിക പൊതുയോഗം ഇന്ന്

മേയ്‌ക്കാട് : നെടുമ്പാശ്ശേരി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്‍റെ 56-ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച കാരക്കാട്ടുകുന്ന് സീയോൻ ഹാളിൽ നടക്കും. രജിസ്ട്രേഷൻ രാവിലെ 8-ന് തുടങ്ങുമെന്ന് ബാങ്ക് പ്രസിഡൻറ് വി.എ. ദാനിയേൽ അറിയിച്ചു. 

മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങി

മൂവാറ്റുപുഴ : മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങി. സംവിധായകൻ രഞ്ജിത് ശങ്കർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു അധ്യക്ഷനായി. സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് ഫിലിം ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. മൂവാറ്റുപുഴ ലത തിയേറ്ററിൽ 16 വരെ ദിവസവും രാവിലെ ഒമ്പത് മുതൽ 1.30 വരെയാണ് പ്രദർശനം. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള റീജണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധറിനെ ആദരിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, ഫിലിം സൊസൈറ്റി ട്രഷറർ എം.എസ്. ബാലൻ, വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ, ജോ. സെക്രട്ടറി അഡ്വ. ബി. അനിൽ, മൂവാറ്റുപുഴ നാസ് സെക്രട്ടറി ഒ.എ. ഐസക്ക്, പ്രസിഡൻറ്് ഡോ. വിൻസന്റ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘സണ്ണി’ ആയിരുന്നു ഉദ്ഘാടന ചിത്രം. 

ആയില്യം പൂജ 15-ന്

കുറുപ്പംപടി : മുടക്കുഴ പ്രളയക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ 15-ന് രാവിലെ 10.30-ന് ആയില്യം പൂജ നടക്കും. 

അങ്കണവാടി വഴി വിതരണം ചെയ്ത അമൃതം പൊടിയിൽ മാരക വിഷം; എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ്  അടച്ചു

അമൃതം പൊടി ഉത്‌പാദിപ്പിക്കുന്ന എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് തത്‌കാലത്തേക്ക് അടച്ചു. ഇവിടെ ഉത്‌പാദിപ്പിച്ച് അങ്കണവാടി വഴി വിതരണം ചെയ്ത അമൃതം പൊടിയിൽ മാരക വിഷം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവിടെ സൂക്ഷിച്ചിരുന്ന അമൃതം പൊടിയും ഇത് നിർമിക്കാൻ ശേഖരിച്ച ധാന്യങ്ങളും സീൽ ചെയ്തു. ഇവയുടെ സാംപിൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കെടുത്തിട്ടുണ്ട്.

എടയ്ക്കാട്ടുവയലിലെ കേന്ദ്രത്തിൽ ഉത്‌പാദിപ്പിച്ച് വിതരണം ചെയ്ത 98 ബാച്ച് അമൃതം പൊടിയിലാണ് അഫ്ളോടോക്സിൻ ബി വൺ എന്ന വിഷവസ്തു കണ്ടെത്തിയത്. ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചതോടെ വിതരണം ചെയ്ത അമൃതം പൊടി തിരിച്ചെടുക്കാൻ ഐ.സി.ഡി.എസ്. അടിയന്തര നിർദേശം നൽകി.

മുളന്തുരുത്തി, കൊച്ചി കോർപ്പറേഷൻ, പള്ളുരുത്തി മേഖലകളിൽ വരുന്ന ആറ് ഐ.സി.ഡി.എസുകൾക്ക് കീഴിലുള്ള അങ്കണവാടികളിലാണ് ഈ ബാച്ച് വിതരണം ചെയ്തതെന്ന് കണ്ടെത്തി. ഫെബ്രുവരിയിൽ വിതരണം ചെയ്തതിനാൽ ഭൂരിഭാഗം പായ്ക്കറ്റുകളും പൊട്ടിച്ച് ഉപയോഗിച്ചതായാണ് വിവരം. ബാക്കി പായ്ക്കറ്റുകൾ അങ്കണവാടികൾ വഴി തിരിച്ചെടുത്തു തുടങ്ങി. 

ബില്ല് അടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ വീട്ടുടമ മർദിച്ചതായി പരാതി 

കീരംപാറ : ബില്ല് അടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരനെ വീട്ടുടമ മർദിച്ചതായി പരാതി. കീരംപാറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ കോഴിപ്പിള്ളി ചിറയത്ത് സി.എൻ. സിബി (49)ക്ക് ആണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വെളിയേൽച്ചാലിലെ ഒരു ഉപഭോക്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. 

മണ്ണെടുക്കാൻ നല്കിയ പാസ് ദുരുപയോഗം ചെയ്ത് മണ്ണ് കടത്തി; വാഹനവും രണ്ട് ലോഡ് മണ്ണും കുന്നത്തുനാട് പോലീസ് പിടികൂടി

കിഴക്കമ്പലം : മണ്ണെടുക്കാൻ നല്കിയ പാസ് ദുരുപയോഗം ചെയ്ത് മണ്ണ് കടത്തിയ വാഹനവും രണ്ട് ലോഡ് മണ്ണും കുന്നത്തുനാട് പോലീസ് പിടികൂടി. വെസ്റ്റ് മോറക്കാലയിൽനിന്നാണ് മണ്ണ് പിടികൂടിയത്. വെമ്പിള്ളി സ്വദേശി ഹമീദിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ. പുത്തൻ പള്ളിയിൽനിന്ന് ചെല്ലാനത്തേക്കും പാതാളത്തേക്കും കൊണ്ടുപോകുന്നതിനായിരുന്നു പാസ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് വെസ്റ്റ് മോറക്കാലയിൽ മണ്ണ് അടിച്ചത്.

പെരുമ്പാവൂർ വാർത്തകൾ 6

ഈ മേഖലയിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം പിടികൂടുന്നത്. എ.എസ്.പി. അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.സി.പി.ഒ. മാരായ പി.എ. അബ്ദുൽ മനാഫ്, പി.എം. നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കുന്നത്തുനാട് പഞ്ചായത്തിൽ മണ്ണെടുപ്പും അനധികൃത പാടം നികത്തലും തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

പെരിങ്ങാല, പള്ളിക്കര, പോത്തനാംപറമ്പ്, കോഴിമല ഭാഗങ്ങൾ മണ്ണെടുപ്പു കേന്ദ്രങ്ങളാണ്. നിലവിൽ നടത്തിയിട്ടുള്ള മണ്ണെടുപ്പു മുഴുവൻ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ പ്രത്യേക സംഘത്തെ

 നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് മേലുദ്യോഗസ്ഥരെ സമീപിക്കാനാണ് പ്രദേശവാസികൾ ശ്രമിക്കുന്നത്.

ഡോളോ ഗുളികയിൽ തീർത്ത ഉണ്ണിയേശുവിന്റെ രൂപത്തിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

ഡോളോ ഗുളികയിൽ തീർത്ത ഉണ്ണിയേശുവിന്റെ രൂപത്തിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം. കലാസംവിധായകനും ചിത്രകാരനുമായ കെ.എസ്. കൃഷ്ണലാലാണ് മിനിയേച്ചർ ശിൽപനിർമാണത്തിലെ ഈ പരീക്ഷണത്തിനു പിന്നിൽ. ഗുളികയിൽ നിർമിച്ച ഏറ്റവും ചെറിയ ക്രിസ്തു രൂപത്തിനുള്ള റെക്കോർഡ് കൃഷ്ണലാലിന്റെ പേരിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അടുത്ത എഡിഷനിൽ ഇടംപിടിക്കും. മിനിയേച്ചർ രൂപങ്ങളോടുള്ള താൽപര്യവും നിർമാണത്തിലെ വെല്ലുവിളിയുമാണ് കൃഷ്ണലാലിനെ ആകർഷിച്ചത്.

പെരുമ്പാവൂർ വാർത്തകൾ 7

ഡോളോ 650 ഗുളികയിൽ പണിയാരംഭിച്ചു. കുട്ടികളുടെ കിടക്കയുടെ ആകൃതിയുമായുള്ള സാദൃശ്യമാണ് ഗുളിക തിരഞ്ഞെടുക്കാൻ കാരണം. അക്യുപങ്ചറിനുപയോഗിക്കുന്ന സൂചിയും ശസ്ത്രക്രിയക്കുള്ള കത്തിയുമായിരുന്നു ഉപകരണങ്ങൾ. അതിസൂക്ഷ്മ നിർമാണത്തിന് കണ്ണിൽ ലെൻസും പിടിപ്പിച്ചു. മൂന്നു മണിക്കൂർ കൊണ്ട് ഗുളികയിൽ ഉണ്ണി യേശു പിറന്നു. എംഎം ടിവിയിൽ കലാസംവിധായകനായ കൃഷ്ണലാലിന് ടെലിവിഷൻ സെറ്റുകളുടെ ചെറുമാതൃകകളുണ്ടാക്കുന്നതിലൂടെയാണ് മിനിയേച്ചർ രൂപങ്ങളുമായി പരിചയം. ചുമർചിത്ര രംഗത്തും കാരിക്കേച്ചറിങ്ങിലും ചിത്രരചനയിലും പരിചയമുള്ള കൃഷ്ണലാൽ തീരെച്ചെറിയ വസ്തുക്കളിലെ ശിൽപനിർമാണം സ്വയം പരിശീലിച്ചതാണ് 

LEAVE A REPLY

Please enter your comment!
Please enter your name here