താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

0

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്.

2021 ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ മരിച്ചത്.കസ്റ്റഡിയിലെടുത്ത താമിര്‍ പുലര്‍ച്ചെയോടെ തളര്‍ന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിര്‍ ജിഫ്രിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.ദണ്ഡുപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും തുടകള്‍ക്ക് പിറകിലും ഇടതുകാലിന്റെ അടിഭാഗത്തും മാരകമായി അടിയേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെയുള്ളത് 21 മുറിവുകളാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കസ്റ്റഡിമരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു.

Leave a Reply