ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

0

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ വായില്‍ യുവതി തുണിതിരുകി. പിന്നാലെ കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും യുവതിയുടെ അമ്മ വാതില്‍ മുട്ടിയതോടെ മൃതദേഹം കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസിൽ നൽകുന്ന വിവരം.

ജനിച്ചയുടന്‍ കുഞ്ഞ് കരഞ്ഞ് ശബ്ദം ഉണ്ടാക്കാതിരിക്കാനാണ് ആ സമയം തന്നെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ തലയോട്ടി തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എട്ട് മാസം മുന്‍പാണ് ഗര്‍ഭിണിയാണെന്ന വിവരം താൻ മനസിലാക്കുന്നതെന്നും ആ ഘട്ടത്തില്‍ ആൺ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി യുവാവുമായി യാതൊരു തരത്തിലുള്ള ബന്ധവും യുവതിക്ക് ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാന്‍ യുവതി തീരുമാനിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കുഞ്ഞ് ജനിക്കുമ്പോള്‍ ഒഴിവാക്കേണ്ടതിനുള്ള മുൻകരുതലും യുവതി സ്വീകരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 23കാരിയായ യുവതിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. പ്രസവത്തെ തുടർന്ന് അവശയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവശേഷമുള്ള അവശതകള്‍ നിലനില്‍ക്കുന്നതിനാല്‍ യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ല.

അതേസമയം യുവതി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയും നർത്തകനുമായ ആൺ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവവുമായി യുവാവിന് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവാവുമായി സൗഹൃദം മാത്രമായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പൊലീസിന് ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യുവതി പീഡന പരാതി നല്‍കിയിട്ടില്ല. പരാതി ലഭിക്കാതെ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here