തിരുവനന്തപുരം: നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ആഡംബര നികുതിയും സെസുമടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.
അതേസമയം ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത ഒന്‍പതു യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി.എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടു നിന്ന് യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും.