റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു

0

കീവ്: റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർഥി തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോയമ്പത്തൂർ തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും ഝാൻസി ലക്ഷ്മിയുടെയും മകൻ സായ്നികേഷാണ് (22) വീട്ടുകാരുമായി ബന്ധപ്പെട്ട് നാട്ടിലെത്തണമെന്ന് അറിയിച്ചത്.

2018 സെപ്റ്റംബറിൽ യുക്രെയ്ൻ ഹർകീവിലെ നാഷനൽ എയ്റോ സ്പെയ്സ് യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ പഠനത്തിനാണ് സായ്നികേഷ് യുക്രെയ്‌നിലെത്തിയത്. വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ജോർജിയൻ നാഷനൽ ലീജൻ പാരാമിലിറ്ററി യൂണിറ്റിൽ അംഗമായാണ് സായ് യുദ്ധത്തിൽ പങ്കെടുക്കുന്നത്. സൈനിക വേഷത്തിലുള്ള ചിത്രങ്ങളും സായ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കഴിഞ്ഞ‍ വർഷം ജൂലൈയിലാണു സായ്നികേഷ് അവസാനം നാട്ടിൽ വന്നത്. ഫോണിൽ സ്ഥിരം വിളിക്കാറുണ്ടായിരുന്നു. വിഡിയോ ഗെയിം ഡവലപ്മെന്റ് കമ്പനിയിൽ പാർട്ട് ടൈം ജോലിക്കു ചേർന്നതായി ഒരു മാസം മുൻപു അറിയിച്ചു. യുക്രെയ്നിൽ യുദ്ധം തുടങ്ങിയതിനു ശേഷം മകനുമായി ബന്ധപ്പെടാൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല.

കഴിഞ്ഞ ആഴ്ച കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ രക്ഷിതാക്കളെ കണ്ടു സായ്നികേഷിനെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചു. ഒരു തമിഴ് യുവാവ് യുക്രെയ്ൻ സേനയിൽ ചേർന്നെന്ന് ഒരു തമിഴ് പ്രസിദ്ധീകരണത്തിൽ കണ്ടു പരിഭ്രമിച്ച രവിചന്ദർ യുക്രെയ്നിലെ ഇന്ത്യൻ എംബസിയിലേക്ക് ഇ–മെയിൽ സന്ദേശം നൽകി. 2 ദിവസം കഴിഞ്ഞപ്പോൾ എംബസി അധികൃതർ രവിചന്ദറുമായി ബന്ധപ്പെട്ടു സായ്നികേഷിന്റെ വിവരങ്ങൾ ചോദിച്ചു.

സായ്നികേഷ് പിന്നീട് മാതാപിതാക്കളെ വിളിച്ച് യുക്രെയ്നിലെ അർധസൈനിക വിഭാഗത്തിൽ തുടരാൻ തീരുമാനിച്ചതായി അറിയിക്കുകയായിരുന്നു. പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. എന്നാൽ കഴിഞ്ഞദിവസം മാതാപിതാക്കളെ വിളിച്ച സായ്നികേഷ്, തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here